May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

എന്തുകൊണ്ട് എന്തിനു വേണ്ടി OIOP Movement ഉം വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയും രൂപീകരിച്ചു ?

എന്തുകൊണ്ട്, എന്തിനു വേണ്ടി OIOP?

നമ്മുടെ രാജ്യത്തു വസിക്കുന്ന എല്ലാവരും നികുതി കൊടുക്കുന്നവരാണ്, അതിനാൽ തന്നെ വാർധക്യത്തിൽ നമുക്കെല്ലാവർക്കും ഒരു പോലെ പെൻഷൻ കിട്ടുവാൻ അവകാശവും അർഹതയുമുള്ളവരാണ് എന്നു വൺ ഇന്ത്യ വൺ പെൻഷൻ – OIOP Movement പറയുന്നു.

നമ്മളെല്ലാം ജീവിക്കുവാൻ വേണ്ടി ഓരോരോ തൊഴിലുകൾ ചെയ്യുന്നവരല്ലേ? അതേ.

അങ്ങനെയെങ്കിൽ നമ്മളെല്ലാം തൊഴിലാളികളല്ലേ ? അതേ.

അപ്പോൾ പിന്നെ സർക്കാർ ജോലിക്കാരും, സ്വകാര്യ മേഖലയിൽ പണി എടുക്കുന്നവരും, മത്സ്യത്തൊഴിലാളിയും, സ്വയം തൊഴിൽ കണ്ടെത്തിയവരും, ഓട്ടോ ടാക്സി തൊഴിലാളികളും, കർഷകരും എല്ലാം ഒരേ അവകാശങ്ങൾ ഉള്ള തൊഴിലാളികൾ തന്നെയല്ലേ ? അതേ.

അങ്ങനെയെങ്കിൽ സർക്കാർ തൊഴിലാളി എന്ന ഒരു പ്രത്യേക വിഭാഗം എങ്ങിനെയുണ്ടായി?

രാഷ്ട്രീയപ്പാർട്ടികളുടെ പിൻബലത്തോടെ വെറും ന്യൂനപക്ഷമായ അവർ സംഘടിച്ചു – ശക്തരായി.

നമ്മളിൽ ഭൂരിഭാഗവും കർഷകരോ കർഷകരുടെ മക്കളോ അവരോട് വളരെയടുത്ത ബന്ധം ഉള്ളവരോ അല്ലേ? അതേ.

നമ്മുക്കു വേണ്ടി അഹോരാത്രം പണിയെടുത്ത് ഭക്ഷ്യ വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന കർഷകരെയല്ലേ നമ്മൾ ഏറെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ? അതേ.

പ്രകൃതി ദുരന്തങ്ങൾ മൂലവും കാലാവസ്ഥാ വ്യതിയാനം കാരണവും കർഷകർക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ ഉടനടി പരിഹരിച്ച് കർഷകരെ സംരക്ഷിക്കേതിന്റെ ഉത്തരവാദിത്വം ഭരിക്കുന്ന സർക്കാരുകൾക്കുള്ളതല്ലേ ? അതേ.

എന്നാൽ പ്രകൃതി ദുരന്തങ്ങൾ മൂലം കർഷകർക്കുണ്ടാകുന്ന വിളനാശത്തിനും, കഷ്ടനഷ്ടങ്ങൾക്കും, വേണ്ട നേരത്ത് വേണ്ട സംരക്ഷണമോ, ധനസഹായമോ ലഭിക്കുന്നുണ്ടാേ? ഇല്ല.

പൊതു ജനത്തെ അന്നമൂട്ടുന്ന കർഷകരും, മത്സ്യത്തൊഴിലാളികളും ഇന്ന് ഏറ്റവും അവഗണിക്കപ്പെട്ട ഒരു ജനവിഭാഗമായി മാറിക്കഴിഞ്ഞു എന്നു പറഞ്ഞാൽ ശരിയാണോ? അതേ.

നമ്മളെല്ലാം നികുതി കൊടുക്കുന്നവരല്ലേ ? അതേ.

നമ്മളെല്ലാം തുല്യ നികുതിയാണോ കൊടുക്കുന്നത് ? അതേ.

സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നമ്മുടെ മക്കൾ/സഹോദരങ്ങൾ/നാട്ടുകാർ ഒക്കെ ചെയ്യുന്ന തൊഴിലും സർക്കാർ ആശുപത്രിയിലെ ജോലിക്കാർ ചെയ്യുന്ന തൊഴിലും ഒന്നു തന്നെ അല്ലേ ? അതേ.

സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകനും, സ്വകാര്യ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകനും ചെയ്യുന്നത് ഒരേ തൊഴിലു തന്നെയല്ലേ ? അതേ.

ഒരേ തൊഴിലു ചെയ്യുന്നവർക്ക് ഒരേ ശമ്പളം കിട്ടേണ്ടതല്ലേ? അതേ.

പക്ഷേ കിട്ടുന്നുണ്ടോ ? ഇല്ല.

ഒരേ തൊഴിലു ചെയ്തവർക്ക് ഒരേ പെൻഷൻ കിട്ടേണ്ടതല്ലേ? അതേ.

പക്ഷേ കിട്ടുന്നുണ്ടോ ? ഇല്ല.

ഇത് അനീതിയല്ലേ ? അതേ. അതേ.

ഈ അനീതിക്കെതിരേ പ്രതികരിക്കേണ്ടേ ?  വേണം.

അതേ, അതാണ് വൺ ഇന്ത്യ വൺ പെൻഷൻ എന്ന സംഘടന ചെയ്തതും, ചെയ്തു കൊണ്ടിരിക്കുന്നതും.

1 അനീതിക്കെതിരേ ശബ്ദമുയർത്തുക.

2 അഴിമതിക്കെതിരേ ശബ്ദമുയർത്തുക.

3 ധൂർത്തിനെതിരേ ശബ്ദമുയർത്തുക.

4 കെടുകാര്യസ്ഥതക്കെതിരേ ശബ്ദമുയർത്തുക.

5 സ്വജന പക്ഷപാതത്തിനെതിരേ ശബ്ദമുയർത്തുക.

നമ്മൾ ശബ്ദമുയർത്തുവാൻ തയ്യാറായാൽ എന്തു സംഭവിക്കും? നമ്മുടെ കൂടെക്കൂടുവാൻ ആളുണ്ടാകും. അഴിമതി ഇല്ലാതാക്കുവാൻ സാധിക്കും. നഷ്ടപ്പെട്ട നമ്മുടെ അവകാശങ്ങൾ തിരിച്ചു പിടിക്കുവാൻ സാധിക്കും. നമ്മുടെ നാടു നന്നാകും.

 നമുക്കും നമ്മുടെ മക്കൾക്കും സുഭിക്ഷമായി ജീവിക്കുവാനുള്ള സമ്പത്തും, സാഹചര്യങ്ങളും നമ്മുടെ നാട്ടിൽ വേണ്ടുവോളമുണ്ട്. മുകളിൽ പറഞ്ഞ 5 ദുർഭൂതങ്ങളെ നമ്മുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിച്ചാൽ മാത്രം മതി, നമ്മുടെ നാട് സ്വർഗ്ഗതുല്യമാകും.

നമ്മളെല്ലാം ഓരോരോ തൊഴിലുകൾ ചെയ്യുന്നവരാണ്. അതിലൂടെ രാഷ്ട്ര പുനർ നിർമ്മാണത്തിൽ നമ്മൾ പങ്കാളികളാവുകയാണ്. അതേ, നമ്മൾ എന്തു തൊഴിലു ചെയ്താലും അത് രാജ്യ പുരോഗതിക്ക് ഉതകുന്നുണ്ട്. രാജ്യത്തിന്റെ മൊത്തആഭ്യന്തര ഉൽപാദനം – GDP – കൂട്ടുന്നതിൽ നമ്മൾ വലിയ പങ്കു വഹിക്കുന്നവരാണ്. മുക്കുവൻ ഒരു മീൻ പിടിച്ചു കൊടുക്കുമ്പോഴും കർഷകൻ ഒരു കപ്പ പറിച്ചു കൊടുക്കുമ്പോഴും GDP ആണു വർധിക്കുന്നത്. സർക്കാർ ജീവനക്കാർ ചെയ്യുന്നതിനേക്കാൾ വളരെ വലിയ കാര്യമാണ് നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നത്. എന്നിട്ടും നമ്മൾ പാർശ്വവൽക്കരിക്കപ്പെട്ടവരായി മാറി.

ആക്രി പെറുക്കുന്നവരും, മുടി വെട്ടുന്നവരും,തേങ്ങ ഇടുന്നവരും, തുണി തുന്നുന്നവരും, കർഷകരും, മീൻ പിടിക്കുന്നവരും, വണ്ടി ഓടിക്കുന്നവരും തുടങ്ങി ഏതു തൊഴിലു ചെയ്യുന്നവരും നടത്തുന്നത് രാഷ്ട്ര സേവനമാണ്. ഇതിൽ ഏതു കണ്ണി വിട്ടു പോയാലും അതു രാഷ്ട്ര പുരോഗതിയെ ബാധിക്കും. അതിനർത്ഥം നമ്മളെല്ലാം തുല്യ പ്രാധാന്യവും, തുല്യ അവകാശങ്ങളും ഉള്ളവരാണ് എന്നതു തന്നെയാണ്. 

എന്നാൽ ഏറ്റവും പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ടവരായ, എല്ലാവരുടേയും വിശപ്പടക്കുന്നതിനായി അഹോരാത്രം പണിയെടുക്കുന്നവരായ കർഷകത്തൊഴിലാളികളും, മത്സ്യത്തൊഴിലാളികളും ഇവിടെ തീർത്തും അവഗണിക്കപ്പെടുകയാണ്. നമ്മുടെ രാജ്യത്തിന്റെ മൊത്തആഭ്യന്തര ഉൽപാദനത്തിൽ (GDP)  മുഖ്യ പങ്കു വഹിക്കുന്നവരല്ലേ ഇവർ? അതേ. 

യഥാർഥത്തിൽ ഒരു കർഷകന് അവന്റെ അധ്വാനത്തിനനുസരിച്ച പ്രതിഫലം കിട്ടുന്നുണ്ടാേ? ഇല്ല. 

വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു കണക്ക് സാന്ദർഭികമായി പറഞ്ഞു കൊള്ളട്ടെ. ഒന്നോ രണ്ടോ പശുക്കളെ വളർത്തുന്ന ഒരു കർഷകന് ഒരു ലിറ്റർ പാലുൽപ്പാദിപ്പിക്കുവാൻ ശരാശരി 65 – 70 രൂപാ മുടക്കു വരുന്നുണ്ട് (പണിക്കൂലി + തീറ്റച്ചിലവ് + കൂട്+മെയ്ൻന്റെൻസ് etc. എല്ലാം കൂടി). കിട്ടുന്നതോ ഒരു ലിറ്റർ പാലിന് 35 -40 രൂപ. യഥാർഥത്തിൽ ഇവിടെ അവന് പണിക്കൂലി കിട്ടുന്നില്ല. ഇതു തന്നെയാണ് എല്ലാത്തരം കർഷകരുടേയും അവസ്ഥ. 

സത്യത്തിൽ ഒരു യഥാർഥ തൊഴിലാളിയായ കർഷകന് ഇന്ന് ഒരടിമയുടെ സ്ഥാനം മാത്രമാണു പലരും കല്പിച്ചു തരുന്നത്. ഒരു പരിധി വരെ  കർഷകന്റെ മനോഭാവവും അങ്ങിനെയായി മാറിപ്പൊയ്ക്കൊണ്ടിരിക്കുകയല്ലേ എന്നു ചിന്തിക്കുക. 

നിലത്തിട്ടു ചവിട്ടിക്കൂട്ടിയിട്ടും, അപമാനിച്ചും അവഹേളിച്ചും പാർശ്വവൽക്കരിച്ച് അവഗണിച്ചിട്ടും ഒരു ചെറു വിരലനക്കി പ്രതിഷേധിക്കുവാൻ ഇന്നു കർഷകർക്കു കഴിയുന്നില്ല.

 കഴിഞ്ഞ ഇലക്ഷൻ സമയത്ത് വാർധക്യകാല പെൻഷൻ 2500 രൂപാ ആക്കിത്തരും എന്നു വാഗ്ദാനം ചെയ്ത് വോട്ടു വാങ്ങി അധികാരത്തിൽ വന്ന – തൊഴിലാളികളുടെ സ്വന്തം  എന്നവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാരിന് സാധാരണക്കാരന്റെ പെൻഷൻ ഒരു രൂപാ പോലും കൂട്ടിക്കൊടുക്കുവാൻ സാധിച്ചില്ല എന്നത് വളരെ ദയനീയം തന്നെയാണ്. അക്കൂട്ടത്തിൽ ഒരു കാര്യം കൂടി ചിന്തിക്കണം കൊറോണമൂലം പണിയില്ലാതെ പണമില്ലാതെ സാധാരണ ജനം കഷ്ടപ്പെട്ട സമയത്ത് സർക്കാർ ജീവനക്കാർക്കും മന്ത്രിമാരുടെ പി എ മാർക്കും വലിയ തോതിൽ ശമ്പളവും പെൻഷനും കൂട്ടിക്കൊടുത്തു. അതും 23 മാസത്തെ മുൻ കാല പ്രാബല്യത്തോടേ. (പ്രതിവർഷം 14000 കോടി രൂപയുടെ അധിക ബാധ്യത അതിന്റെ പേരിൽ മാത്രം ഉണ്ടാകുന്നു എന്നാണു പറയുന്നത്).

 എന്തുകൊണ്ട് നമ്മൾ അവഗണിക്കപ്പെട്ടു? ചിന്തിക്കണം. 

നമ്മൾ സംഘടിതരല്ല. സംഘടിക്കുവാൻ നമ്മളെ അനുവദിക്കില്ല. കേവലം 3% ൽ താഴെ മാത്രം വരുന്ന ഒരു സംഘടിതവിഭാഗം 97% ജനത്തിനെ പ്രതികരണ ശേഷിയില്ലാത്ത വെറും അടിമകളാക്കി മാറ്റിയിരിക്കുന്നു. വേണ്ടേ നമുക്കൊരു ഉയിർത്തെഴുന്നേൽപ്പ്? 

വൺ ഇന്ത്യ വൺ പെൻഷൻ എന്ന സംഘടന 60 വയസ്സു തികഞ്ഞ എല്ലാവർക്കും 10000 രൂപാ പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറു കണിക്കിന് ഗ്രാമസഭകളിൽ പ്രമേയം പാസാക്കി. ജനപ്രതിനിധികൾക്ക് മെമ്മോറാണ്ടം കൊടുത്തു. ഭീമഹർജി ഒപ്പു ശേഖരണം നടത്തി. യാതൊരു പ്രതികരണവും ഒരിടത്തുനിന്നുമുണ്ടായില്ല. 11-ാം ശമ്പള പരിഷ്കരണ കമ്മീഷന്റെ  അമിതമായ ശമ്പള, പെൻഷൻ വർധനവിനുള്ള ശുപാർശ നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് ആൾക്കാർ ശമ്പള പരിഷ്കരണ കമ്മീഷന് മെമ്മോറാണ്ടം കൊടുത്തു. അതിനു ശേഷം ഹൈക്കോടതിയിൽ കേസു കൊടുത്തു, തള്ളിപ്പോയപ്പോൾ സുപ്രീം കോടതിയിൽ കേസു കൊടുത്തു. എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇടപെടാൻ സംഘടനകൾക്കവകാശമില്ലാ എന്നും, ഇതു സർക്കാർ ആണ് തീരുമാനിക്കേണ്ടത് എന്നും പറഞ്ഞ് നമ്മുടെ കേസ് സുപ്രിം കോടതിയും തള്ളിക്കളഞ്ഞു. 

സംഘടനകളുടെ പരിമിതികൾ വ്യക്തമാക്കിയ കോടതി വിധി പഠന വിധേയമാക്കിയതിനു ശേഷം സംഘടനയിൽ തുടക്കം മുതൽ പ്രവർത്തിച്ചു കൊണ്ടിരുന്നവരുടെ അഭിപ്രായപ്രകാരം വൺ ഇന്ത്യ വൺ പെൻഷന്റെ സ്ഥാപകാംഗങ്ങളായിരുന്ന റോജർ സെബാസ്റ്റ്യനെ പ്രസിഡന്റായും, അനൂപ് ശശിധരനെ സെക്രട്ടറിയായും സെൻട്രൽ കമ്മറ്റി അംഗങ്ങളായിരുന്ന ടോം മാത്യുവിനെ ട്രഷറർ ആയും, രാജു പി.വി യെ വൈസ് പ്രസിഡന്റായും, രതീഷ് കിഴക്കേപ്പറമ്പിലിനെയും സജീവ പ്രവർത്തകയായ ലില്ലിക്കുട്ടി മാഡത്തിനെയും എക്സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്ത് പുതിയ രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുന്നതിനായി ഇലക്ഷൻ കമ്മീഷനിൽ ഫീസ് കെട്ടിവച്ച് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. അതിൻ പ്രകാരം വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി എന്ന പേരിൽ നമുക്കു പ്രവർത്തിക്കുവാനുള്ള അവകാശം ലഭിക്കുകയും ആയത് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശപ്രകാരം പത്രത്തിൽ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. പുതുതായി ശ്രീ. വിജയൻ വെള്ളാേടൻ മലപ്പുറത്തിനെയും,  ശ്രീ. ഹരി മാധവ് ആലപ്പുഴയെയും  വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്മാരായി തിരഞ്ഞെടുക്കുകയുണ്ടായി.

2022 മെയ് 23ാം തിയതി നമ്മുടെ പാർട്ടിയുടെ രജിസ്ടേഷൻ പൂർത്തിയായി. 

ഒരു രാഷ്ട്രീയപ്പാർട്ടിയുടെ അധികാര അവകാശങ്ങളോടെ നമ്മുടെ ആശയങ്ങൾ പ്രചരിപ്പിക്കുവാനും, അതു നേടി എടുക്കുന്നതിനായി പ്രവർത്തിക്കുവാനുമുള്ള എല്ലാവിധ അനുമതിയും നമ്മുടെ സംഘടനയുടെ ആശയ പൂർത്തീകരണത്തിനു വേണ്ടി രൂപം കൊടുത്ത വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിക്കുണ്ട്.

അഴിമതിക്കെതിരേ, അനീതിക്കെതിരേ പോരാടുവാൻ വൺ ഇന്ത്യ വൺ പെൻഷൻ – OIOP Movement – വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി  ഇന്നു സജ്ജമായിക്കഴിഞ്ഞിരിക്കുന്നു.

പഞ്ചാബിലെ വിജയം കണ്ടു കൊണ്ട് കുറച്ച് OIOP പ്രവർത്തകർ aap ക്കു വേണ്ടി വാദിക്കുന്നതായിക്കണ്ടു. aap മോശം പാർട്ടിയാണ് എന്ന് OIOP ക്കാർ ഒരിക്കലും പറയുന്നില്ല. അവരെ ഇകഴ്ത്തിക്കാണിക്കുവാനുമില്ല. പക്ഷേ aap ക്കുവേണ്ടി വാദിക്കുന്നവരോടു ചോദിക്കുവാനുള്ള പ്രസക്തമായ ഒരു ചോദ്യമിതാണ്. ഡൽഹിയിൽ 60 വയസ്സു കഴിഞ്ഞ ഒരു സാധാരണക്കാരന് എത്ര രൂപാ പെൻഷൻ കൊടുക്കുന്നുണ്ട് ? അവരിൽ നിന്നു കിട്ടിയ മറുപടി ഇതാണ് ഒരു ലക്ഷം രൂപായിൽ കുറഞ്ഞ വാർഷിക വരുമാനമുള്ള, സർക്കാരിൽ നിന്ന് മറ്റ് ആനുകൂല്യങ്ങൾ പറ്റാത്തവർക്കും, പട്ടികജാതിക്കാർക്കും പ്രതിമാസം 2000 രൂപ പെൻഷൻ കൊടുക്കുന്നുണ്ട്.  അതായത് ഡൽഹിയിൽ ഒരു മാസം 8334 രൂപാ വരുമാനമുള്ള ഒരു കുടുംബത്തിലെ 60 വയസ്സു കഴിഞ്ഞ വ്യക്തിക്ക് ഒരു രൂപ പോലും പെൻഷൻ കിട്ടില്ല.  മറ്റൊരു കാര്യം സ്റ്റാർ ഫസിലിറ്റിയുളള വൃദ്ധ സദനങ്ങൾ ഡൽഹിയിലുണ്ടു പോലും!!! പക്ഷേ മാതാപിതാക്കൾക്ക് മക്കളുടെയും കൊച്ചുമക്കളുടേയും കൂടെ വസിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കുവാൻ വേണ്ടിയാണ് OIOP ക്കാർ പരിശ്രമിക്കുന്നത്. അല്ലാതെ ഡൽഹിയിലേപ്പോലെ ഏതെങ്കിലും അഗതിമന്ദിരത്തിൽ, ജന്മം തന്നു വളർത്തി വലുതാക്കിയ മാതാപിതാക്കാളെ കൊണ്ടുപോയി തള്ളുവാനല്ല. 

ചില ആൾക്കാരുടെ സ്വാർഥതയുടെ പേരിൽ വൺ ഇന്ത്യ വൺ പെൻഷൻ എന്ന നമ്മുടെ സംഘടനയിൽ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇതൊക്കെ എല്ലാ സംഘടനകളിലും ഉള്ളതാണ്. കാലത്തിന്റെ ഒഴുക്കിൽ സ്വാർഥമതികൾ തിരിച്ചറിയപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യും. OIOP എന്ന നമ്മുടെ പ്രസ്ഥാനം രൂപം കൊണ്ടപ്പോൾ തന്നെ മറ്റു രാഷ്ട്രീയപ്പാർട്ടികളുടെ ആൾക്കാർ വ്യക്തമായ താൽപ്പര്യ, ലക്ഷ്യത്തോടെ നമ്മുടെ സംഘടനയിൽ നുഴഞ്ഞു കയറി അധികാര സ്ഥാനങ്ങൾ കയ്യടക്കുകയും കഴിഞ്ഞ ഇലക്ഷൻ സമയത്ത് നമ്മുടെ കൂടെ നിന്നുകൊണ്ടു തന്നെ നമ്മുടെ സ്ഥാനാർഥിക്കെതിരായി പ്രവർത്തിക്കുകയും ചെയ്ത അനുഭവം നമുക്കുണ്ടായതാണല്ലോ. അതുപോലെ  OIOP യുടെ പേരിൽ തന്നെ നിരവധി ഫേസ് ബുക്ക് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യപ്പെട്ടു. അങ്ങനെയുള്ള പല ഗ്രൂപ്പുകളിലും OIOP ക്കെതിരായ പോസ്റ്റുകൾ പലപ്പോഴും വരികയും ജനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. OIOP യെ ഇല്ലാതാക്കണം എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ തന്നെ സമാനപേരിൽ സംഘടനയും രാഷ്ട്രീയപ്പാർട്ടികളും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഇലക്ഷൻ സമയത്ത് BJP സ്ഥാനാർഥിക്കുവേണ്ടി ശക്തമായ പ്രചരണം നടത്തിയ ഒരു വ്യക്തിയാണ് അത്തരമൊരു രാഷ്ട്രീയപ്പാർട്ടിയുടെ വക്താവും പ്രചാരകനും നേതാവും എന്ന കാര്യം മനസ്സിലാക്കിയാൽ മാത്രം മതി അവരുടെ ഉദ്ദേശ്യം അറിയുവാൻ. അവരുണ്ടാക്കിയിരിക്കുന്ന ഫേസ് ബുക് ഗ്രൂപ്പിന്റെ അഡ്മിനും ഇപ്പറഞ്ഞ നേതാവു തന്നെ. ഇങ്ങനെ ഉണ്ടാക്കിയിരിക്കുന്ന ഏതെങ്കിലും ഗ്രൂപ്പിലോ പാർട്ടിയിലോ OIOP ക്കു തുടക്കം കുറിച്ച് ആദ്യം മുതൽ സംഘടനയെ വളർത്തിയ ആരെങ്കിലും ഉണ്ടോ എന്നു കൂടി ഒന്നു പരിശോധിക്കുക. ആരുമില്ല. ഇതൊക്കെ ഏതൊക്കെയോ രാഷ്ട്രീയപ്പാർട്ടികളുടെ ബിനാമികൾ OIOP എന്ന പ്രസ്ഥാനത്തെ തകർത്തെറിയുന്നതിനു വേണ്ടി നടത്തുന്ന കുതന്ത്രങ്ങൾ മാത്രമാണ് എന്നു തിരിച്ചറിയണം എന്ന് അഭ്യർഥിക്കുകയാണ്.

എല്ലാവർക്കും തുല്യ പെൻഷൻ എന്ന മഹത്തായ ആശയം നടപ്പിൽ വരുത്തുവാൻ തുടക്കം മുതൽ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിയുന്ന വലിയൊരു നേതൃനിര നമ്മോടൊപ്പമുണ്ട്. നന്മ നിറഞ്ഞവരും നന്മ ആഗ്രഹിക്കുന്നവരും ആയ വലിയ ഒരു ജന സമൂഹത്തെ നല്ലൊരു നാളെയുടെ സൃഷ്ടിക്കായി നമ്മുടെ സംഘടനയുടേയും പാർട്ടിയുടേയും ഒപ്പം കൂട്ടിച്ചേർക്കുവാൻ ഉള്ള ഉത്തരവാദിത്വം നമ്മളിൽ ഓരോരുത്തരിലും നിക്ഷിപ്തമാണ്. ഒന്നുചേർന്നു നിന്നു കൊണ്ട് ഒറ്റക്കെട്ടായി നമുക്കു മുന്നേറാം.  വിജയം നമ്മുടെ കൈകളിൽത്തന്നെയുണ്ട്.

ജയ് ജയ് OIOP

വൺ ഇന്ത്യ വൺ പെൻഷൻ സിന്ദാബാദ്

വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി സിന്ദാബാദ്

നീതി ന്യായ് സിന്ദാബാദ്

ഇൻക്വിലാബ് സിന്ദാബാദ്

60 വയസ്സു പൂർത്തിയായ എല്ലാവർക്കും പ്രതിമാസം 10,000 രൂപാ പെൻഷൻ അനുവദിക്കുക. അതു നമ്മുടെ അവകാശമാണ്. ആരുടേയും ഔദാര്യമല്ല. OIOP അധികാരത്തിലെത്തുമ്പോൾ ഉറപ്പായും എല്ലാവർക്കും 10,000 രാപാ പെൻഷൻ നൽകിയിരിക്കും.

RSS
Follow by Email