May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

പൂച്ചയ്ക്കാര് മണികെട്ടും!

കേരളത്തിൽ പൊതുമേഖലയിൽ (സർക്കാർ ശമ്പളം നൽകുന്ന വിദ്യാലയങ്ങളിൽ ) ഒരു വർഷം ഒരു വിദ്യാർത്ഥിക്കു വേണ്ടി ചിലവഴിക്കപ്പെടുന്നത് എകദേശം ഒരുലക്ഷത്തി എൺപതിനായിരം ( 1, 80, 000 ) രൂപയോളമാണ്. അതായത് ഒരു 3 വർഷ ഡിഗ്രി കോഴ്സ് കൂടി പൂർത്തിയാക്കി ഒരു വിദ്യാർത്ഥി പുറത്തിറങ്ങുമ്പോൾ എകദേശം 30 ലക്ഷത്തോളം രൂപ സർക്കാർ ഖജനാവിൽ നിന്ന് ചിലവഴിക്കേണ്ടി വരുന്നു !!! അതിൽ സിംഹഭാഗവും അദ്ധ്യാപകരുടെ ശമ്പളത്തിനു വേണ്ടി മാത്രമാണ് ചില വഴിക്കുന്നത്. അതേസമയം നിലവാരം വളരെ ഉയർന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥർ തന്നെ വിലയിരുത്തുന്ന പ്രൈവറ്റ് മേഖലയിൽ ശരാശരി ഇരുപതിനായിരം രൂപയിൽ താഴെ മാത്രമാണ് ഒരു വർഷത്തെ സ്കൂൾ ഫീസ്. എല്ലാ മേഖലകളിലും ആഗോള മത്സരം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ നിലവാരം കൂടിയ വിദ്യാഭ്യാസം അനിവാര്യമാണെന്ന് കൃത്യമായി മനസ്സിലാക്കുന്ന മിക്ക അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം പ്രൈവറ്റ് വിദ്യാലയങ്ങളിൽ നടത്തുന്നു.

സർക്കാരിന്റെ നികുതി വരുമാനത്തിന്റെ ഏകദേശം പകുതിയോളം പോകുന്നത് വിദ്യാഭ്യാസ മേഖലയിലെ ചിലവുകൾക്കു (അധ്യാപകരുടെ ശമ്പളത്തിനും, പെൻഷനും മറ്റു ചിലവുകൾക്കും) വേണ്ടി മാത്രമാണ്. ഇതിന്റെ ഫലമായി വികസന പ്രവർത്തനങ്ങൾക്കൊന്നും പണമില്ലാത്ത അവസ്ഥ സംജാതമായി. പാതി പണിത റോഡുകൾ പാലങ്ങൾ, അറ്റകുറ്റ പണികൾ നടത്താതെ നശിക്കുന്ന പൊതു മുതൽ എന്നിവ ഇനി അങ്ങോട്ട്‌ സർവ സാധാരണമാകും. കാലാകാലങ്ങളായി മെഡിക്കൽ കോളേജുകളിൽ സൗജന്യമായി നല്കിവന്നിരുന്ന സേവനങ്ങൾക്കു പോലും ഇപ്പോൾ ഫീസ് കൊടുക്കേണ്ട അവസ്ഥയാണ്.

കേരളം ഭാരതത്തിൽ തന്നെ വിദ്യാഭ്യാസ രംഗത്ത് ഒന്നാമതാണെന്ന വാദം പൊളിയുകയാണ്. പകരം കേരളം ഭാരതത്തിൽ വിദ്യാഭ്യാസ മേഖലയിൽ എറ്റവും പിന്നിൽ ആയി വരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എല്ലാവരെയും എല്ലാ ക്ലാസുകളിലും ജയിപ്പിച്ചു വിടുക എന്ന ഗൂഢതന്ത്രം ഉപയോഗിച്ച്, ഉയർന്ന ക്‌ളാസ്സുകളിൽ പഠിക്കുവാൻ കൂടുതൽ വിദ്യാർത്ഥികളെ ലഭ്യമാക്കുകയും അതുവഴി അധ്യാപകരുടെ ജോലി നിലനിർത്തുകയും ചെയ്യുന്നു. അതിന്റെ ഫലമായി സർക്കാർ ശമ്പളം നൽകുന്ന മിക്കസ്കൂളുകളിലേയും വിദ്യാഭ്യാസ നിലവാരം പരിതാപകരമാം വിധം താഴേക്കു പോകുന്നു. അഖിലേന്ത്യാതലത്തിൽ നടത്തപ്പെടുന്ന പരീക്ഷകളിൽ നമ്മുടെ വിദ്യാർത്ഥികൾ ദയനീയമാം വിധം പിന്തള്ളപ്പെടുന്നു.

ഭാരതത്തിലെ ഏറ്റവും മുൻപന്തിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ദേശീയതലത്തിലുള്ള എൻട്രൻസ് പരീക്ഷകൾ നിരീക്ഷിച്ചാൽ കേരളത്തിലെ വിദ്യാർത്ഥികളുടെ നിലവാരക്കുറവ് മനസ്സിലാക്കാം.
കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ IIT, NIT, എന്നിവയിലേക്ക് എൻജിനീയറിങ് പഠനം നടത്തുവാൻ ഉള്ള എൻട്രൻസ് പരീക്ഷയിൽ ഈ വർഷത്തെ ആദ്യഘട്ട റിസൾട്ടുകൾ കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്നിരുന്നു. കേരളത്തിൽ നിന്നും ഒന്നാമത്തെ റാങ്ക് ദേശീയതലത്തിൽ ഇരുന്നൂറിന് മുകളിലാണ്. ആദ്യത്തെ 100000 റാങ്കുകളിൽ പൊതുവിദ്യാലയങ്ങളിൽ പഠിച്ച കുട്ടികൾ നാമമാത്രമാണ്. ഈ മുൻനിര എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് ക്യാമ്പസ്‌ പ്ലേസ്മെന്റ് വഴി ഉന്നത നിലവാരമുള്ള ജോലികൾ തന്നെ ലഭിക്കുന്നു. ഇവർ പിന്നീട് ആഗോള തലത്തിൽ ഉയർന്ന തലങ്ങളിൽ എത്തി സാങ്കേതികവിദ്യകളുടെ വളർച്ചയിൽ ഒപ്പത്തിനൊപ്പം നിന്ന് സമൂഹത്തിന്റെ പുരോഗതിക്കും സമ്പദ്ഘടനയ്ക്കും കാര്യമായ സംഭാവനകൾ ചെയുന്നു എന്ന് നമുക്ക് കാണാം. ഇനി വരുന്ന കാലങ്ങളിൽ ഒരു സമൂഹത്തിന് സമ്പത്തികമായി ഗണ്യമായ ഉയർച്ച ഉണ്ടാവണമെങ്കിൽ ഇങ്ങനെ ആഗോള തലത്തിൽ മാറ്റുരയ്ക്കുവാൻ കഴിയുന്ന സാങ്കേതിക മികവുള്ളർ ഉണ്ടായേ തീരൂ.

ഇന്ന് നമ്മുടെ സംസ്ഥാനത്താണ്  ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവർ ഉള്ളത്. പലരും ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലും, എൻജിനീയറിങ്ങിലും മറ്റും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി യാതൊരു ജോലിയും ലഭിക്കാതെ വർഷങ്ങളോളം തള്ളിനീക്കുകയാണ്.  ഇങ്ങനെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക്  സ്വയംതൊഴിൽ കണ്ടെത്തുവാനുള്ള സഹായവും പ്രോത്സാഹനവും കൊടുക്കുവാൻ മറ്റു പലസംസ്ഥാനങ്ങളുടെയും സർക്കാറുകൾക്ക് കഴിയുന്നുണ്ട്. എന്നാൽ കേരളത്തിൽ ഒന്നിനും പണമില്ല, ഇനി അഥവാ വല്ല സഹായവും ആർക്കെങ്കിലും ലഭിക്കണമെങ്കിൽത്തന്നെ  കടമ്പകൾ ഏറെയാണ്.  

ഇവർക്ക് ജോലി ലഭിക്കാത്തതു പ്രധാനമായും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പോരായ്മയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇങ്ങനെ ആയിരക്കണക്കിന് കോടി രൂപ മാസംതോറും ശമ്പളം പറ്റുന്ന ഒരു അധ്യാപക സമൂഹം  നമുക്ക് ആവശ്യമുണ്ടോ? ഇന്ന് ഭാരതത്തിൽ പല സംസ്ഥാനങ്ങളിലും നിയമംവഴി അധ്യാപകരും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും അവരുടെ കുട്ടികളെ സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലുള്ള സ്കൂളുകളിൽത്തന്നെ  കുട്ടികളെ പഠിപ്പിക്കണമെന്ന്  നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ ചില സംസ്ഥാനങ്ങളിൽ ആറാംക്ലാസ് കഴിയുന്നതോടെ  വിദ്യാർഥികളുടെ രക്ഷിതാക്കൾ മത്സര പരീക്ഷകൾക്കു കുട്ടികളെ തയ്യാറാക്കുവാൻ വേണ്ടി  പ്രൈവറ്റ് സ്ഥാപനങ്ങളിൽ ചേർക്കുന്നു.  ഈ സംസ്ഥാനങ്ങൾ ആണ്  കഴിഞ്ഞ വർഷങ്ങളിൽ ദേശീയ മത്സര പരീക്ഷകളിൽ എറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ചത്.  ഇവിടങ്ങളിൽ  സർക്കാർ സ്കൂളുകൾ സമൂഹത്തിന് ഒരു ബാധ്യത ആകുന്നില്ല.

പഠിപ്പിക്കുന്ന വിഷയത്തിൽ യാതൊരു പ്രവർത്തിപരിചയവും ഇല്ലാത്തവരാണ് അധ്യാപകർ എന്നതാണ് ഏറ്റവും പ്രധാന പ്രശ്നം. 80 ശതമാനത്തോളം അധ്യാപകരും unaided മേഖലയിലാണ്. ഇവരിൽ പലരും പഠനം ക.ഴിഞ്ഞ് 20 ലക്ഷം മുതൽ 60 ലക്ഷം രൂപാ വരെ കോഴ കൊടുത്ത് ജോലി വാങ്ങിയവരാണെന്നു പറയപ്പെടുന്നു. സർക്കാർ നമ്മുടെ കയ്യിൽ നിന്നും പിരിക്കുന്ന നികുതിപ്പണമാണ് ഇവർക്കു ശമ്പളമായി നൽകുന്നത്.

 ഈ അധ്യാപകരിൽ  വിശ്വാസം അർപ്പിച്ചു പഠിക്കുന്ന കുട്ടികൾ അവരുടെ ഭാവി ഇല്ലാതെ ആകുന്നു എന്നുതിരിച്ചറിയുന്നത് സത്യത്തിൽ വളരെ വൈകിയാണ്.  കേരളം  ഇന്നത്തെ കടക്കെണിയിൽ  നിന്നും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടണമെങ്കിൽ,  സർക്കാരിൽ നിന്നും സംസ്‌ഥാന ബഡ്ജറ്റിന്റെ തന്നെ പകുതിയോളം കൈപ്പറ്റുന്ന  ഈഅധ്യാപകരെ മുഴുവനുമായും പിരിച്ചു വിടേണ്ടി വരും. പല വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ സർക്കാർ നൽകുക. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവരവർക്ക്  പഠിപ്പിക്കുവാനും പഠിക്കുവാനും  താല്പര്യം ഉള്ള വിദ്യാലയങ്ങൾ  തിരഞ്ഞെടുത്തു  അവിടെ പഠനം നടത്തുകയും ആവാം.   ഇങ്ങനെ  ഒരു സംവിധാനം വരികയാണെങ്കിൽ ഇപ്പോൾ സർക്കാർ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതിന്റെ  പത്തിലൊന്നുപണംകൊണ്ട് ഇതിലും എത്രയോ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുവാൻ കഴിയും.

തൊഴിലില്ലായ്മ ഇനിയങ്ങോട്ട് രൂക്ഷമാകുവാൻ പോവുകയാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് വിരമിക്കൽ പ്രായം 60 ലേക്ക് ആക്കുവാൻ ഉള്ള നിർദ്ദേശം സർക്കാർ നടപ്പാക്കേണ്ടിവരും ഇതിനു പ്രധാന കാരണം ഉദ്യോഗസ്ഥർ വിരമിക്കുമ്പോൾ കൊടുക്കേണ്ടി വരുന്ന വലിയ തുക കൊടുക്കുവാൻ സർക്കാരിന്റെ പക്കൽ പണം ഇല്ല എന്നുള്ളതാണ്. ഇതിലും പ്രധാനമായ പങ്കു വഹിക്കുന്നത് അധ്യാപക സമൂഹം തന്നെയാണ്. ഉദാഹരണത്തിന് ഒരു കോളേജ് അധ്യാപകൻ റിട്ടയർ ചെയ്യുമ്പോൾ ഏകദേശം ഒരു കോടി രൂപയോളം രൊക്കമായി ലഭിക്കുന്നുണ്ട്, ഇതിനുപുറമേയാണ് അമ്പതിനായിരം രൂപയിലധികം മാസം പെൻഷൻ ആയിട്ടും കൊടുക്കേണ്ടി വരുന്നത്. പെൻഷൻ പ്രായം 60 ആകുമ്പോൾ അതിനു തുല്യമായി അതുവരെയുള്ള ശമ്പളവും വർദ്ധിച്ചുകൊണ്ടിരിക്കും. അതായത് ഇന്നത്തേതിന്റെ ഇരട്ടിയോളം ശമ്പളം ആയിരിക്കും അപ്പോൾ ലഭിക്കുക.

RSS
Follow by Email