May 5, 2024

ONE INDIA ONE PEOPLE PARTY

_________________________________

പ്രകൃതി സംരക്ഷണം എന്നാൽ കാടിന്റെ വിസ്തൃതി കൂട്ടൽ മാത്രമാണോ ?

പരിസ്ഥിതി സംരക്ഷണം നിർബന്ധമായും നടപ്പാക്കേണ്ടതുതന്നെയാണ്. അതു വളരെ ഭംഗിയായി മലയാളി ചെയ്യുന്നുമുണ്ട്. ഒരു മരം വെട്ടിയാൽ നാലു മരം വച്ചുപിടിപ്പിക്കുന്ന സ്വഭാവം മലയാളിയുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന സ്വഭാവമാണ്. അത് ലോകത്തെവിടെ ചെന്നാലും മലയാളി ചെയ്യുകയും ചെയ്യും. അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈസിന്റെ അളവുകുറക്കാൻ ഏറ്റവും എളുപ്പ മാർഗ്ഗം മരങ്ങൾ വച്ചുപിടിപ്പിക്കുക എന്നുള്ളതാണ് – അതിന്റെ അർഥം കാടിന്റെ വിസ്തൃതി കൂട്ടുക എന്നുള്ളതല്ല, അതിന്റെ ആവശ്യവുമില്ല. പ്ളാവ്, തെങ്ങ്, റബ്ബർ തുടങ്ങി ഏതു തരത്തിൽ പെട്ട വൃക്ഷലതാദികൾ നട്ടുപിടിപ്പിച്ചാലും പ്രകാശ സംശ്ലേഷണം എന്ന പ്രക്രിയ വഴി, സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ കാർബൺ ഡയോക്സൈഡിനെ കാർബോഹൈഡ്രേറ്റ് ആക്കി മാറ്റും, ബൈ പ്രോഡക്റ്റ് ആയി ഓക്സിജനും ഉണ്ടാകും. അതിന് കാടു തന്നെ വേണമെന്ന് യാതൊരു നിർബന്ധവുമില്ല. ഇത്തിരിപ്പോന്ന പുൽക്കൊടിയും, കണ്ണു കൊണ്ടു കാണുവാൻ സാധിക്കില്ലാത്ത ആൽഗെകളും, പ്ലാങ്ക്ടണുകളും വരെ ഈ പ്രക്രിയയിൽ പങ്കാളികളാണ് എന്നതു മാത്രമല്ല മനുഷ്യ നിർമ്മിതമായ കാർബൺ ഡയോക്സൈഡിൽ പകുതിയിലധികവും ഈ ഇത്തിരിക്കുഞ്ഞൻമാരാണ് കൈകാര്യം ചെയ്യുന്നത്. അങ്ങനെയെങ്കിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരും പറഞ്ഞ് കർഷകരെ ഉപദ്രവിക്കുന്നതു കഷ്ടമല്ലേ? അപ്പോൾ പരിസ്ഥിതി സംരക്ഷണവും, ബഫർസോണും ഒക്കെ മറ്റെന്തിനോ വേണ്ടിയുള്ള പുകമറയല്ലേ?

മൃഗങ്ങളുടെ ഉച്ഛാസവായുവിലൂടെയും വലിയ അളവിൽ കാർബൺ ഡയോക്സൈഡ് പുറത്തു വരുന്നുണ്ട്. അതുപോലെ തന്നെ അതിന്റെ വിസർജ്യത്തിന്റെ വിഘടനത്തിലൂടെ (decomposition) വലിയ തോതിൽ മീഥേൻ ഗ്യാസും ഉണ്ടാകുന്നുണ്ട്. (അതുകൊണ്ടാണ് ഗാഡ്ഗിൽ പറഞ്ഞത് കന്നുകാലികൾ പരിസ്ഥിതിക്ക് ദോഷം വരുത്തുന്നു എന്ന്) അതായത് വന്യമൃഗങ്ങളുടെ ക്രമാതീതമായ വംശവർധനവ് അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെയും, മീഥെയ്നിന്റെയും അളവു കൂട്ടുന്നു എന്നർഥം. അതിനാൽ തന്നെ കാട്ടിൽ ക്രമാതീതമായി പെറ്റുപെരുകി ജനവാസ മേഖലകളിലേക്ക് കടന്നുകയറുന്ന വന്യജീവികളെ കൊന്നൊടുക്കേണ്ടതാണ്. ആസ്ട്രേലിയയുടെ ദേശീയ മൃഗമായ കംഗാരുവിനെപ്പോലും വംശവർധനവു നിയന്ത്രിക്കുന്നതിനു വേണ്ടി കൊന്നു തിന്നുവാൻ അനുമതിയുണ്ട്.

അതുപോലെ തന്നെ കൊല്ലുന്ന മൃഗങ്ങളെ യാതൊരു കാരണവശാലും കുഴിച്ചുമൂടുവാൻ പാടില്ല. കാരണം ഇതു ചീഞ്ഞഴുകുമ്പോൾ ഉണ്ടാകുന്ന മീഥേൻ വാതകം വളരെ അപകടകാരിയാണ്. ആഗോള താപനത്തിന് പ്രധാന കാരണമായ കാർബൺ ഡയോക്സൈഡിന്റെ 80 മടങ്ങ് ഗ്രീൻ ഹൗസ് എഫക്ട് കൂട്ടുന്ന വാതകമാണ് മീഥേൻ. അതുകൊണ്ട് കൊല്ലുന്ന മൃഗങ്ങളെ ആഹാരത്തിനായി ഉപയോഗിക്കുക. ശുദ്ധമായ ഭക്ഷണമായതിനാൽ ആരോഗ്യത്തിനും നല്ലതാണ്.

പെട്രോളിയം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധന (fossil fuels)ങ്ങളുടെ ഉപയോഗമാണ്‌ അന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങൾ വ്യാപിപ്പിക്കുന്നതിൽ പ്രധാന കാരണം. CO2 മാത്രല്ല, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നിവയും ഹരിതഗൃഹവാതകങ്ങൾ ആണ്‌. ഇവയിൽ CO2 , നൈട്രസ് ഓക്സൈഡ് എന്നിവയുടെ സാന്ദ്രതയാണ്‌ വർധിക്കുന്നത്‌. സമീപഭാവിയിലൊന്നും ഈ വാതകങ്ങളുടെ തോത്‌ കുറയാനിടയില്ലെന്നാണ് പഠനറിപ്പോർട്ടുകൾ പറയുന്നത്. ഇവ അന്തരീക്ഷത്തിൽ വ്യാപിക്കുന്നത്‌ ഇന്നത്തെ നിലക്ക്‌ തുടർന്നാൽ, ആഗോളതാപനത്തെക്കുറിച്ച്‌ എന്തെല്ലാം ദുസ്വപ്നങ്ങളാണോ മനുഷ്യരാശിയെ വേട്ടയാടുന്നത്‌ അതൊക്കെ യാഥാർഥ്യമാകുമെന്ന്‌ ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.

ഇവിടെയാണ് സൗജന്യ വൈദ്യുതിയുടെ വലിയ അപകടം പതിയിരിക്കുന്നത്.
സാധാരണ 90% വീടുകളിലും 100 യൂണിറ്റു വൈദ്യുതിയിൽ കൂടുതൽ ഒരു മാസം ഉപയോഗിക്കുകയില്ല. എന്നാൽ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി കൊടുക്കുമ്പോൾ സൗജന്യമായി കിട്ടുന്ന 200 യൂണിറ്റ് വൈദ്യുതിയും കൂടി ഉപയോഗിച്ചു തീർക്കും. അതിനു വേണ്ടി ടൺ കണക്കിന് കൽക്കരിയും കോടിക്കണക്കിനുലിറ്റർ പെട്രോളിയം ഉൽപന്നങ്ങളും കത്തിക്കേണ്ടിവരും. അപ്പോഴുണ്ടാകുന്ന CO2 ഉം നൈട്രസ് ഓക്‌സൈഡും മറ്റും ആഗോള താപനത്തിനും വലിയ കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായിത്തീരും.
അതുകൊണ്ടു തന്നെ സൗജന്യ വൈദ്യുതി എന്ന ആന മണ്ടത്തരം എത്രയും പെട്ടെന്നു പിൻവലിക്കുക. ഇനിയെങ്കിലും അതിനെ മഹത്വീകരിച്ച് കൊട്ടിഘോഷിക്കാതിരിക്കുക.

Please follow and like us:
Pin Share
RSS
Follow by Email