യുവജനങ്ങളേ നിങ്ങൾ വഞ്ചിക്കപ്പെടുകയാണ്

Uncategorized

കേന്ദ്ര സർവ്വീസിൽ എത്ര മലയാളികൾക്ക് ജോലി കിട്ടും ???
യുവാക്കളേ നിങ്ങൾ വഞ്ചിക്കപ്പെടുകയാണ്.

രാജ്യത്ത് അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്തു ലക്ഷം പേർക്ക് കേന്ദ്ര സർവ്വീസിൽ തൊഴിൽ നൽകുമെന്ന് കേന്ദ്ര സർക്കാർ. ഒരു ലക്ഷത്തി നാൽപ്പത്തി ആറായിരം പേർക്ക് നിയമന ഉത്തരവ് നൽകിക്കഴിഞ്ഞു.
മുൻ കാലങ്ങളിൽ എല്ലാ മേഖലകളിലും മലയാളി ആധിപത്യം പുലർത്തിയിരുന്നു എങ്കിൽ ഇന്ന് സ്ഥിതി ആകെ വളരെ ദയനീയം. അനലോഗ് സിസ്റ്റത്തിൽ നിന്നും ഡിജിറ്റൽ സിസ്റ്റത്തിലേക്കുള്ള മാറ്റം മനസ്സിലാക്കുവാനുള്ള കഴിവ് നമ്മുടെ ഭരണാധികാരികൾക്കില്ലാതെ പോയതാണ് കാരണം. ആധുനിക ഡിജിറ്റൽ യുഗത്തിനനുസരിച്ചുള്ള ബുദ്ധിവികാസവും വൈജ്‌ഞാനിക വികസനവും ലഭിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസം ആണോ ഇന്നത്തെ തലമുറക്ക് ലഭിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പത്താം ക്ലാസ്സ് വരെ ഓൾ പ്രമോഷൻ നൽകുന്നതിലൂടെ വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്കും ‘അധ്യാപകരുടെ ജോലി നഷ്ടപ്പെടലും ‘ കുറക്കുവാൻ സാധിച്ചു എങ്കിലും വിദ്യാഭ്യാസനിലവാരം തീരെ താഴ്ന്നു പോയി എന്ന കാര്യം നിസ്സംശയം പറയാം. 99% വിജയം എന്ന മഹാ സംഭവത്തിലൂടെ എഴുത്തും വായനയും അറിയാത്തവനും പത്താം ക്ലാസ് പാസ്സാവുന്നു. പണ്ട്, തോറ്റ വിദ്യാർഥികൾക്കു വേണ്ടി നടത്തിയിരുന്ന ട്യൂട്ടോറിയൽ ക്ലാസ്സുകൾ ഇഷ്ടം പോലെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത്തരത്തിൽ പെട്ട ഒന്നും കാണുവാനേ ഇല്ല. പഠന നിലവാരം കൂടിയിട്ടാണോ അതാേ മാർക്കു ദാനം കൂടിയിട്ടാണോ ? ചിന്തിക്കുക.

സ്റ്റേറ്റ്സിലബസിൽ പഠിച്ചവർക്ക് മുൻഗണന ഉള്ളതിനാൽ 10 പാസായവർ ഏതെങ്കിലും ഒരു സ്കൂളിൽ + 1 നു ചേരുന്നു. കൊറോണ മൂലം സ്ക്കൂളിൽ പോകാൻ സാധിക്കാതിരുന്ന സമയത്ത് 87% കുട്ടികകൾ പാസായി. എന്നാൽ കഴിഞ്ഞ വർഷം 83%. കൂടുതൽ കുട്ടികളെ വിജയിപ്പിക്കുന്നതിനു വേണ്ടി ഫോക്കസ് ഏരിയ എന്ന ഒരു നൂതന ആശയവും കണ്ടെത്തിയിട്ടുണ്ട്. CBSE ക്കാരും സ്റ്റേറ്റ് സിലബസുകാരും പഠിപ്പിക്കുന്നത് ഒരേ പുസ്തകം, ഒരേ സിലബസ്. പുസ്തകം കണ്ടാൽ അതി ഗംഭീരം. അത് ശരിയായ രീതിയിൽ പഠിച്ച് A+ വാങ്ങിയാൽ ആവശ്യത്തിന് ബോധവും ബുദ്ധിയുമുണ്ട് എന്ന് ഉറപ്പാക്കാം. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിന് അഡ്മിഷൻ ലഭിക്കുന്നതിനു വേണ്ടിയുള്ള മത്സര പരീക്ഷകളിൽ കേരള സിലബസുകാർ അമ്പേ പരാജയപ്പെടുന്നു. CBSE -ൽ പഠിച്ചവർ നല്ല സ്കോർ നേടുന്നു. അവിടെയാണ് ഫോക്കസ് ഏരിയ എന്ന വില്ലൻ കേരള സിലബസുകാരെ തകർത്തു കളയുന്നത്. അത് കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് കഴിവില്ലാഞ്ഞിട്ടല്ല. കാലാകാലങ്ങളിൽ നമ്മളെ ഭരിച്ച സർക്കാരുകളുടെ കഴിവില്ലായ്മയാണ് – അറിവില്ലായ്മയാണ് – കെടുകാര്യസ്ഥതയാണ്.

നമ്മുടെ നികുതി വരുമാനത്തിന്റെ 80% ത്തിലധികവും ശമ്പളത്തിനും പെൻഷനുമായിട്ടാണ് ചിലവഴിക്കപ്പെടുന്നത്, ഇതിന്റെ 35% വിദ്യാഭ്യാസ മേഖലക്കു വേണ്ടി മാത്രം ചില വഴിക്കപ്പെടുന്നു. അതായത് ഡിഗ്രി തലം വരെയുള്ള വിദ്യാർഥികളുടെ കണക്കെടുത്താൻ ഒരു വിദ്യാർഥിക്കുവേണ്ടി ഏകദേശം 1,80,000 രൂപയോളം ഒരു വർഷം ചിലവഴിക്കപ്പെടുന്നു. നല്ല നിലവാരമുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കുവാൻ ഒരു വർഷം 30-40 – ആയിരം രൂപ മതിയാകും. അതായത് സർക്കാർ ഒരു വിദ്യാർഥിക്കുവേണ്ടി ചില വഴിക്കുന്നതിന്റെ അഞ്ചിലൊന്നു രൂപ പോലും വേണ്ട ഒരു നല്ലനിവാരമുള്ള സ്വകാര്യ ഇംഗ്ലീഷ്മീഡിയം സ്കൂളിൽ കുട്ടിയെ പഠിപ്പിക്കുവാൻ.

എവിടെയാണ് വീഴ്ച സംഭവിച്ചിരിക്കുന്നത് ? ഭരണ കർത്താക്കളുടെ അറിവില്ലായ്മ, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത, ന്യൂനപക്ഷ പ്രീണനം, രാഷ്ട്രീയത്തിന്റെ അതിപ്രസരം …….

ഫോക്കസ് ഏരിയ എന്ന വില്ലനാണ് വിദ്യാർഥികളുടെ അന്തകനാകുവാനായി അവതരിച്ചിരിക്കുന്ന പുതിയ അവതാരം. പഠിക്കുവാനുള്ള പുസ്തകത്തിന്റെ ചില ഭാഗങ്ങൾ മാത്രം പഠിപ്പിക്കുകയും അവിടെ നിന്നു മാത്രം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന രീതിയാണിത്. ഫലത്തിൽ അധ്യാപകരുടെ ജോലിഭാരവും കുറയും വിദ്യാർഥികളുടെ പഠനനിലവാരവും കുറയും, പരീക്ഷക്ക് നല്ല മാർക്കു കിട്ടുകയും ചെയ്യും, കുട്ടികളുടെ ഭാവിയും തീരും. യാതൊരു വിട്ടുവീഴ്ചകളും കൂടാതെ പഠിപ്പിക്കേണ്ട സയൻസ് വിഷയങ്ങളിലാണ്, പാഠ്യഭാഗങ്ങൾ കൂടുതൽ ഒഴിവാക്കുന്നത് എന്നതാണ് ഏറെ വിചിത്രം. നമ്മുടെ കുട്ടികളുടെ ഭാവി തകർത്തു തരിപ്പണമാക്കുന്ന ഇത്തരം വികലമായ നയങ്ങളേപ്പറ്റി ഒരു ചർച്ചയും ഉയർന്നു വരുന്നില്ല എന്നത് വളരെ ദുഃഖകരമാണ്. പഠിക്കുവാൻ ആഗ്രഹവും കഴിവുമുള്ളവരാണ് സയൻസ് വിഷയങ്ങൾ എടുത്തു പഠിക്കുന്നത്. അവർക്ക് കൂടുതൽ അറിവു പകർന്നു നൽകി കഴിവുറ്റവരാക്കുന്നതിനു പകരം അതിനുള്ള സാഹചര്യം ഇല്ലാതാക്കുന്ന തലതിരിഞ്ഞ സമ്പ്രദായം. പൊതു ജനത്തിന്റെ നികുതിപ്പണത്തിൽ ഏറിയപങ്കും വിദ്യാഭ്യാസ മേഖലയിൽ ചില വഴിച്ചിട്ട് സാധാരണക്കാരന് അതിന്റെ ഒരു പ്രയോജനവും കിട്ടാത്ത ദയനീയമായ അവസ്ഥയാണ് ഇന്നുള്ളത്. വളരെ നല്ല ബുദ്ധിയും വിവരവുമുള്ളവരാണ് നമ്മുടെ കുട്ടികൾ. എന്നിട്ടും ഈ വർഷം 1% മലയാളികൾക്കു മാത്രമാണ് ഐ ഐ ടി യിൽ പ്രവേശനം കിട്ടിയത്. ബ്രില്യന്റ് പോലുളള മികച്ച നിലവാരം പുലർത്തുന്ന കോച്ചിംഗ് സെന്ററുകൾ ഉണ്ടായിട്ടു പോലും നമ്മുടെ കുട്ടികൾ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പിന്തള്ളപ്പെട്ടു പോകുന്നു. കണക്കുകൾ പരിശോധിക്കുമ്പോൾ മനസ്സിലാക്കുന്നത് നമ്മുടെ കുട്ടികൾ ഇത്തരം പരീക്ഷകൾ എഴുതുന്നതിൽ നിന്നു പോലും പുറകോട്ടു പോകുന്നു എന്നുള്ളതാണ്. 3.53 കോടി ജനങ്ങളുള്ള കേരളത്തിൽ നിന്ന് വെറും 2803 കുട്ടികളാണ് IIT അസ്വാൻസ്ഡ് പരീക്ഷ ക്ക് അപേക്ഷിച്ചത്. എന്നാൽ 4.01 കോടി ജനങ്ങളുള്ള തെലുങ്കാനയിൽ നിന്ന് അപേക്ഷിച്ചത് 17,891 പേരാണ്. പരീക്ഷ എഴുതിയവരിൽ വെറും 181 മലയാളികൾക്ക് IIT യിൽ അഡ്മിഷൻ കിട്ടിയപ്പോൾ (അതിൽ ഭൂരിഭാഗവും CBSE കുട്ടികൾ) തെലുങ്കാനയിൽ നിന്ന് 1644 പേർക്കാണ് IIT യിൽ അഡ്മിഷൻ കിട്ടിയത്. മനസ്സിലാക്കുക നമ്മുടെ കുട്ടികളുടെ കഴിവില്ലായ്മയല്ല മറിച്ച് അധ്യാപകരുടെ അറിവില്ലായ്മയും, കുട്ടികൾക്ക് ദിശാബോധം നൽകുന്നതിനുള്ള കഴിവില്ലായ്മയും ആണ് പ്രശ്നം. പണ്ട് ഉണ്ടായിരുന്ന ഗുരു ശിഷ്യ ബന്ധമല്ല ഇന്നുള്ളത് എന്നതാണ് ഒരു വസ്തുത. തന്റെ ഗുരുവിന്റെ കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും എന്നു പറയുന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു ഇന്ന്. കൗമാരപ്രായത്തിൽ, തികഞ്ഞ ശിക്ഷണത്തിൽ അച്ചടക്കബോധമുള്ളവരും ധാർമിക മൂല്യങ്ങൾക്ക് വില കൊടുക്കുന്നവരുമായി വളർത്തിയെടുക്കേണ്ട സമയത്ത് ഇളം മനസ്സുകളിൽ പകയും വിദ്വേഷവും കുത്തിവച്ചു കൊണ്ട് രാഷ്ട്രീയ അധമൻമാർ നമ്മുടെ കുഞ്ഞുങ്ങളെ വഞ്ചിക്കുകയാണ്.

‘കുഞ്ഞുങ്ങളേ നിങ്ങൾ വഞ്ചിക്കപ്പെടുകയാണ്’.

നമ്മുടെ കുട്ടികൾക്ക് നല്ലൊരു ഭാവിയും അതു വഴി കുടുംബങ്ങളിൽ സമാധാനവും രാജ്യത്തിന് അഭിവൃത്തിയും ആഗ്രഹിക്കുന്നു എങ്കിൽ കലാലയ രാഷ്ട്രീയം – ‘കൊലാലയ രാഷ്ട്രീയം’ അവസാനിപ്പിക്കുക തന്നെ വേണം. രാഷ്ട്രീയം പഠിപ്പിക്കണമെന്നുള്ളവർക്കും പഠിക്കണമെന്നുള്ളവർക്കും വേണ്ടി പ്രത്യേക കോളജുകൾ ആരംഭിക്കട്ടെ. അതിനു പറ്റിയ അദ്ധ്യാപകരേയും നിയമിക്കട്ടെ. അവിടെ അവർ ഇഷ്ടമുളള രാഷ്ട്രീയം പഠിക്കട്ടെ.

ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം നേടി രക്ഷപെടണമെന്നും വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടി തന്റെ കഴിവുകൾ വിനിയോഗിക്കണമെന്നും ആഗ്രഹിക്കുന്ന കുട്ടികളെ അതിന് അനുവദിക്കുക. അടിസ്ഥാന വിദ്യാഭ്യാസം അവകാശമാണെന്നിരിക്കെ കുട്ടികളുടെ ഭാവി തകർത്തു കളയുന്ന ഇന്നത്തെ വിദ്യാഭ്യാസ രീതി ഉടച്ചുവാർക്കുക തന്നെ വേണം. രാഷ്ട്രീയപ്പാർട്ടികൾക്ക് അണികളെ ഉണ്ടാക്കുവാൻ വേണ്ടി നമ്മുടെ കുട്ടികളെ ബലിയാടാക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുട്ടികളേ നിങ്ങൾ വഞ്ചിക്കപ്പെടുകയാണ് ജാഗ്രത പാലിക്കുക.

നമ്മുടെ കുട്ടികളുടെ ഭാവി ശോഭനമാക്കുന്നതിനു വേണ്ടി അവരുടെ കഴിവുകൾ കണ്ടെത്തി വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും അറിവു പകർന്നു നൽകി ബുദ്ധിയും വിവരവും ഉള്ളവരാക്കി മാറ്റുവാനുമാണ് നമ്മുടെ നികുതിപ്പണത്തിന്റെ ഏറിയ പങ്കും ചില വഴിച്ച് അധ്യാപകരെ നിയമിച്ചിരിക്കുന്നത്. പല അധ്യാപകരും തങ്ങളുടെ വിദ്യാർഥികൾക്ക് ശരിയായ വിധത്തിൽ അറിവു പകർന്നു നൽകുവാൻ തയ്യാറാകുന്നില്ല എന്നതാണു വാസ്തവം. മാത്രവുമല്ല സ്വകാര്യ ട്യൂഷൻ സെന്ററുകൾ സ്ഥാപിച്ച് അവിടെ വന്ന് പഠിക്കുവാൻ കുട്ടികളെ നിർബന്ധിക്കുകയും അതിനെ മറ്റൊരു പണ സമ്പാദനമാർഗ്ഗമായി ഉയർത്തിക്കൊണ്ടുവരുവാൻ ശ്രമിക്കുകയും ചെയ്യുന്നതായിട്ടറിയുന്നു. ഇത് തികച്ചും അപലപനീയമാണ്. കുട്ടികളേ നിങ്ങൾ വഞ്ചിക്കപ്പെടുകയാണ്. ട്യൂഷൻ സെന്ററുകളിൽ കുട്ടികൾക്കു പഠിക്കുവാനും മനസ്സിലാക്കുവാനും സാധിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് അവർ പഠിക്കുന്ന സ്കൂളുകളിൽ അതിനു സാധിക്കുന്നില്ല? വിദ്യാർഥികൾക്ക് അറിവു പകർന്നു നൽകുവാൻ കഴിവില്ലാത്ത അധ്യാപകരെ പിരിച്ചു വിടുക തന്നെ വേണം.

ഒരു കാലത്ത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല നിലവാരമുള്ളതായിരുന്നു. എന്നാൽ ഇന്ന് എല്ലാം തകർന്നടിഞ്ഞിരിക്കുന്നു. NAAC A++ ഗ്രേഡ് ലഭിച്ച കേരള സർവ്വകലാശാലയിൽ പോലും പഠിക്കുവാൻ വിദ്യാർഥികളില്ലാതെ നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. കേരള യൂണിവേഴ്സിറ്റി നേരിട്ടു നടത്തുന്ന 34 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ, 60 സ്വാശ്രയ കോളജുകൾ എന്നിവയിൽ ഏകദേശം 50 % ത്തോളം സീറ്റും ഒഴിഞ്ഞു കിടക്കുകയാണ് എന്നതറിയുമ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കുവാൻ കഴിയുക. മുൻ വർഷങ്ങളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

കാരണങ്ങൾ പലതാണ്. വിദ്യാഭ്യാസ നിലവാരത്തകർച്ച – പ്രധാന വില്ലൻ ഫോക്കസ് ഏരിയ. ഫുൾ A+ വാങ്ങിച്ചെല്ലുന്ന വിദ്യാർഥിക്ക് എവിടേയും അഡ്മിഷൻ കിട്ടും. എന്നാൽ ശരിയായ അടിസ്ഥാനവിദ്യാഭ്യാസം ലഭിക്കാഞ്ഞതിനാൽ മിക്കവരും പരാജയപ്പെടുന്നു. CBSE, CISCE തുടങ്ങിയ ബോർഡുകളിൽ പഠിച്ച ഉയർന്ന മാർക്കുള്ള വിദ്യാർഥികൾ പ്രഫഷണൽ കോഴ്സുകൾക്കും ബിരുദ പഠനനത്തിനുമായി മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്ന അവസ്ഥ കൂടിക്കൂടി വരികയാണ്. നമ്മുടെ കലാലയങ്ങളിലെ അരക്ഷിതാവസ്ഥയും, രാഷ്ട്രീയ അതിപ്രസരവും, അച്ചടക്കമില്ലായ്മയും മൂലം രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഇവിടെ പഠിപ്പിക്കുവാൻ താല്പര്യപ്പെടുന്നില്ല എന്നതും ഒരു വസ്തുതയാണ്. കലാലയങ്ങളിലെ സമരാഭാസങ്ങൾ ഭൂരിഭാഗം രക്ഷിതാക്കളും വിദ്യാർഥികളും വെറുത്തു കഴിഞ്ഞു. കാലഹരണപ്പെട്ട സിലബസുകളും കാലത്തിനൊത്ത് ഉയരാത്ത, അർപ്പണബോധമില്ലാത്ത അധ്യാപകരും ഒരു കാരണമാണ്. ആവശ്യത്തിലധികം അധ്യാപകരുണ്ട് എന്നാൽ അതാതു മേഖലകളിൽ പ്രാവീണ്യം ഉള്ളവർ കുറവാണ്. വിവരമുള്ളവർക്ക് കാരണം കണ്ടെത്താൻ അധികം ആലോചിക്കേണ്ടതില്ല.

കഴിഞ്ഞ വർഷം ഡൽഹി സർവ്വകലാശാലയിൽ, കേരള ബോർഡിൽ വിദ്യാഭ്യാസം നേടിയ വിദ്യാർഥികളുടെ എണ്ണത്തിന്റെ 21 ശതമാനത്തിനു മാത്രമേ ഈ വർഷം ഡൽഹി സർവ്വകലാശാലയിൽ പ്രവേശനം ലഭിച്ചിട്ടുള്ളു. അതായത് കഴിഞ്ഞ വർഷം 1672 കുട്ടികൾക്ക് അഡ്മിഷൻ കിട്ടിയ സ്ഥാനത്ത് ഈ വർഷം വെറും 350 കുട്ടികൾ മാത്രം !!! നമ്മുടെ വിദ്യാഭ്യാസ നിലവാരത്തകർച്ച മനസ്സിലാക്കുവാൻ മറ്റൊരു കണക്കിന്റെ ആവശ്യമില്ല. എന്നാൽ നമ്മളിൽ പലരും പുച്ഛത്തോടെ വീക്ഷിച്ചിരുന്ന ബീഹാർ ബോർഡിൽ നിന്നുളളവർ കഴിഞ്ഞ വർഷം 556 ആയിരുന്നത് ഈ വർഷം 1280 ആയി കൂടി. അതായത് കേരള ബോർഡിൽ പഠിച്ച കുട്ടികൾ 21 ശതമാനമായി കുറഞ്ഞപ്പോൾ ബീഹാർ ബോർഡിൽ പഠിച്ചവർ 230 ശതമാനമായി കൂടി. കഴിഞ്ഞ വർഷം ഹിന്ദു കോളജിന്റെ പൊളിറ്റിക്കൽ സയൻസ് ബി എ ഓണേഴ്സ് കോഴ്സിൽ 146 പേർ പ്രവേശനം നേടിയവരിൽ 120 പേർ കേരള ബോർഡിൽ നിന്നുള്ളവരായിരുന്നു എങ്കിൽ ഇക്കുറി ഇതുവരെ അഡ്മിഷൻ നേടിയ 59 പേരിൽ ഒരാൾ മാത്രമാണ് കേരള ബോർഡിൽ നിന്നുള്ളത് !!!

നമ്മുടെ രാഷ്ട്രീയക്കാർക്ക് പൊതുജനത്തിനോട് യാതൊരു പ്രതിബദ്ധതയുമില്ലാ എന്ന് നാൾക്കു നാൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. വി സി യോടുള്ള നിസ്സഹകരണം മൂലം K T U വിൽ ഒന്നും നടക്കുന്നില്ല. നടക്കുന്നത് സമരം മാത്രം. മൂല്യനിർണ്ണയം കഴിഞ്ഞിട്ടും ഫലം പ്രസിദ്ധീകരിക്കുന്നില്ല. വി സി ക്ക് ഡിജിറ്റൽ ഒപ്പ് വയ്ക്കുവാൻ ഉള്ള സൗകര്യം രജിസ്ട്രാർ ഒരുക്കിക്കൊടുക്കാത്തതിനാൽ 4000 ത്തോളം ബിരുദ സർട്ടിഫിക്കേറ്റുകൾ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ കെട്ടിക്കിടക്കുയാണ്. അധിക ഫീസടച്ച അത്യാവശ്യക്കാർക്കു പോലും സർട്ടിഫിക്കേറ്റ് കൊടുക്കുവാൻ സാധിക്കുന്നില്ല. ഇതു മൂലം കഷ്ടപ്പെടുന്നന്നത് വിദേശത്തു ജോലിക്കു പോകേണ്ടവരും ഉപരിപഠനത്തിനു പോകേണ്ടവരുമാണ്. യുവജനങ്ങളേ നിങ്ങൾ വീണ്ടും വീണ്ടും വഞ്ചിക്കപ്പെടുകയാണ്. നല്ല ഭാവി സ്വപ്നം കണ്ട് കഷ്ടപ്പെട്ടു പഠിച്ച നിങ്ങളെ സ്വാർഥൻമാരായ കപട രാഷ്ട്രീയക്കാർ ചതിക്കുകയാണ്. നിങ്ങളുടെ അവകാശങ്ങൾ ആരെങ്കിലും ഔദാര്യമായിത്തരേണ്ടതല്ല. വിദ്യാർഥികളുടെ ഭാവി തുലക്കുന്ന ഇത്തരം നീച പ്രവൃത്തികളെ വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി ശക്തമായി അപലപിക്കുന്നു.

പൊതു ജനത്തിന്റെ നികുതിപ്പണം ശമ്പളമായിക്കൊടുത്ത് അധ്യാപകരെ നിയമിച്ചിരിക്കുന്നത് വിദ്യാർഥികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുന്നതിനും ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത് വിദ്യാർഥികളുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്നതിനുമാണ്. പൊതു ജനത്തിന്റെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്ന നിങ്ങൾ അവരുടെ കൂലിക്കാർ മാത്രമാണ് എന്ന വസ്തുത തിരിച്ചറിഞ്ഞു പ്രവർത്തിക്കുക.

കേന്ദ്ര സർക്കാർ ഒന്നര വർഷം കൊണ്ട് 10 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമ്പോൾ ഇവിടുത്തെ സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും വികലമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും മൂലം നമ്മുടെ എത്ര യുവാക്കൾക്ക് കേന്ദ്ര സർവ്വീസിൽ കയറിപ്പറ്റാൻ സാധിക്കും എന്ന് കണ്ടറിയേണം.

അഴിമതി മുക്തമായ ഒരു നവഭാരതം കെട്ടിപ്പടുക്കുവാൻ വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിക്കൊപ്പം അണിചേരൂ. ആനുകൂല്യങ്ങൾക്കായല്ല അവകാശങ്ങൾക്കായാണ് OIOP യുടെ പോരാട്ടം.

ജയ് ജയ് OIOP
നീതി ന്യായ് സിന്ദാബാദ്





Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *