May 18, 2024

ONE INDIA ONE PEOPLE PARTY

_________________________________

ജി ഡി പി

GDP ജി.ഡി.പി. എന്താണ്?
July 16, 2019

ഒരു രാജ്യത്ത് ഒരു വർഷം ഉൽപാദിപ്പിക്കുന്ന അന്തിമ ചരക്ക്-സേവനങ്ങളുടെ (Final Goods and Services) ആകെ വിപണിമൂല്യമാണ് ജി.ഡി.പി എന്ന സാമ്പത്തിക ഉൽപാദന സൂചിക. രാജ്യത്തിെൻറ മൊത്ത വരുമാനമായും (Gross National Income) മൊത്ത ചെലവായും ജി.ഡി.പിയെ കണക്കാക്കാം.
ഇന്ത്യൻ സമ്പദ്‌ഘടന കഴിഞ്ഞ അഞ്ചു വർഷം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ ‘അരിച്ചിറങ്ങല്‍ പ്രക്രിയ’ (Trickle-down effect) വഴി വൈവിധ്യമാർന്ന ഊടുവഴികളിലൂടെ സമൂഹത്തിെൻറ ഏറ്റവും അടിത്തട്ടിൽ വരെ ലഭ്യമായിട്ടുണ്ടെന്ന് സർക്കാറിനു ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ട്.
ഇനി പ്രധാനലക്ഷ്യം, അടുത്ത അഞ്ചു വർഷംകൊണ്ട് ഇന്ത്യയെ ലോക സമ്പന്നരാ‍ജ്യങ്ങളുടെ പട്ടികയിൽ മൂന്നാമത് എത്തുന്ന വിധം അഞ്ച് ലക്ഷം കോടി ഡോളർ ഇേക്കാണമിയായി വളർത്തുക എന്നതാണ്. ധനക്കമ്മി (Fiscal Deficit) കുറക്കുകയെന്ന പ്രഖ്യാപിത നയം കാരണം, ഉയർന്ന വളർച്ച കൈവരിക്കുന്നതിനുള്ള പ്രധാന ചാലകശക്തി സർക്കാർ ഇടപെടലുകളെയും നിക്ഷേപങ്ങളെയും അപേക്ഷിച്ചു പ്രധാനമായും സ്വകാര്യ നിക്ഷേപമായിരിക്കും.’’

ഈ വർഷത്തെ സാമ്പത്തികസർവേയുടെ ആദ്യ അധ്യായത്തിെൻറ സംക്ഷിപ്തമാണ് ഉദ്ധരിച്ചത്. മുൻ വർഷങ്ങളിൽ സാമ്പത്തികരംഗത്ത്‌ വിവിധമേഖലകളിൽ കൈവരിച്ച വളർച്ച, ആ മേഖലകളിലെ പരിമിതികൾ, ബജറ്റിൽനിന്നു പരിഷ്‌കരിച്ച വരവ്-ചെലവ് കണക്കുകൾ, വിവിധ പദ്ധതികളുടെ പ്രവർത്തനനിലവാരം തുടങ്ങിയവയെല്ലാം കണക്കുകളുടെ പിൻബലത്തോടെ വിലയിരുത്തുകയും ഒപ്പം നിലവിലെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ഉതകുന്ന ആശയങ്ങൾ അടുത്ത ബജറ്റിലേക്ക് നിർദേശിക്കുകയും ചെയ്യുന്ന മാർഗരേഖയാണ് സാമ്പത്തിക സർവേ. മുൻ ബജറ്റുകളിൽ വിവിധ മേഖലകളിലെ വരവ്-ചെലവ് കണക്കുകളുടെ യഥാർഥ നില അറിയാനും ബജറ്റുകളിലെ ജനപ്രിയ പ്രഖ്യാപനങ്ങളുടെ യഥാർഥ വിലയിരുത്തലിനും സാമ്പത്തിക സർവേയാണ് പ്രധാന ആശ്രയം.ഇത്തവണ സാമ്പത്തിക സർവേയിലെയും ബജറ്റിലെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ ഇക്കോണമിയായി വളർത്തും എന്നത്. ബജറ്റ് ചർച്ചകളിലെ പ്രധാന വിഷയം ഇൗ വളർച്ച കൈവരിക്കാനുള്ള സാധ്യതകൾ മാത്രമായി മാറി. ഇന്ത്യൻ സമ്പദ്വ്യവസ്ഥ നിലവിലുള്ള വളർച്ച പ്രവണത നിലനിര്‍ത്തി, സർക്കാർ നിക്ഷേപ സാധ്യതകൾ കൂടുതലായി ഉപയോഗപ്പെടുത്തിയാൽതന്നെ ആറു വർഷം കൊണ്ട് (ശരാശരി ഏഴു ശതമാനം ജി.ഡി.പി വളർച്ച) സ്വാഭാവികമായി അഞ്ച് ട്രില്യൺ ഇക്കോണമിയായി വളരും. അതിനാൽ അഞ്ചു ട്രില്യൺ എന്ന സംഖ്യയുടെ അമ്പരപ്പിനും പകിട്ടിനുമപ്പുറം ഇത്തരം സൂചകങ്ങളുടെയും സംഖ്യകളുടെയും പരിമിതികളും പോരായ്മകളുമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

ജീവിതനിലവാര സൂചികകളുടെ പരിമിതികൾ
വിസ്തൃതിയിലും ജനസംഖ്യയിലും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (Gross Domestic Product) ലോകബാങ്ക് കണക്കുപ്രകാരം 2.72 ട്രില്യൺ ഡോളറാണ്. അടുത്ത അഞ്ചു വർഷംകൊണ്ട് അഞ്ച് ട്രില്യൺ ആയി ജി.ഡി.പി വർധിക്കുമെന്ന് പറയുമ്പോൾ, ഇന്ത്യയുടെ സമ്പത്തിെൻറ വലുപ്പം (Size of the Economy) മാത്രമാണ് വർധിക്കുന്നത്. നിലവിലുള്ള പരിമിതമായ ആളോഹരി സമ്പന്നത (Richness) വലിയ രീതിയിൽ വർധിക്കുന്നില്ല.ജി.ഡി.പി പോലുള്ള ജീവിത നിലവാരസൂചികകൾക്ക് ചില പരിമിതികളുണ്ട്. ഒരു രാജ്യത്ത് ഒരു വർഷം ഉൽപാദിപ്പിക്കുന്ന അന്തിമ ചരക്ക്-സേവനങ്ങളുടെ (Final Goods and Services) ആകെ വിപണിമൂല്യമാണ് ജി.ഡി.പി എന്ന സാമ്പത്തിക ഉൽപാദന സൂചിക. രാജ്യത്തിെൻറ മൊത്ത വരുമാനമായും (Gross National Income) മൊത്ത ചെലവായും ജി.ഡി.പിയെ കണക്കാക്കാം. എന്നാൽ, ഇൗ മൊത്ത പരിമാണങ്ങൾ (Gross Measures) രാജ്യത്തിെൻറ സമ്പന്നതയെപ്പറ്റി അപൂര്‍ണചിത്രമേ തരുന്നുള്ളൂ. രാജ്യത്തിെൻറ ജനസംഖ്യ, ജനങ്ങൾക്കിടയിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ വിതരണം എത്രമാത്രം നീതിയുക്തമാണ് എന്നിവകൂടി പരിഗണിച്ചാൽ മാത്രമേ രാജ്യത്തിെൻറ സാമ്പത്തികനില
മനസ്സിലാക്കാൻ കഴിയൂ.യു.എൻ പോപ്പുലേഷൻ ഡിവിഷെൻറ 2018ലെ നിർണയമനുസരിച്ച് ചൈനയുടെ തൊട്ടുപിറകെ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ജനസംഖ്യ 135.2 കോടിയാണ്. ലോകത്തെ എല്ലാ വികസിതരാജ്യങ്ങളുടെയും ആകെ ജനസംഖ്യയെക്കാൾ കൂടുതലാണ് ഇന്ത്യയിലേത്. എന്നാൽ, രാജ്യത്തെ 135.2 കോടി ജനങ്ങളുടെയും ജീവിതം നിലനിർത്താനും മെച്ചപ്പെടുത്താനും വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ജി.ഡി.പിയായ 2.72 ട്രില്യൺ ഡോളർ മാത്രമാണ് ഉപയോഗപ്പെടുത്താനുള്ളത്. അമേരിക്കയെക്കാൾ നാലിരട്ടി ജനസംഖ്യയുള്ള ഇന്ത്യയുടെ ജി.ഡി.പി അമേരിക്കയെ അപേക്ഷിച്ച് എട്ടിൽ ഒരു ഭാഗം മാത്രമാണ്. അതുപോലെ 12 കോടി ജനങ്ങളുള്ള കൊച്ചു ജപ്പാെൻറ മൊത്ത ആഭ്യന്തര ഉൽപാദനം 4.9 ട്രില്യൺ ഡോളറാണ്. ഇവിടെ, ലോക ജനസംഖ്യയുടെ 17.8 ശതമാനം ഇന്ത്യക്കാരാണെന്നും ലോകത്തെ ആകെ സമ്പത്തിെൻറ 3.1 ശതമാനം മാത്രമാണ് ഇന്ത്യയുടെ ജി.ഡി.പി എന്നും തിരിച്ചറിഞ്ഞാൽ അഞ്ചു ട്രില്യൺ ഡോളർ ഇക്കോണമിയുടെ യഥാർഥമൂല്യം ഊഹിക്കാവുന്നതാണ്.

പരിമിതമായ ആളോഹരിവരുമാനം
ജീവിതനിലവാര സൂചിക എന്ന നിലയിൽ ജി.ഡി.പിയുടെ പരിമിതികൾ പരിഹരിക്കാനാണ് ആളോഹരി വരുമാന (GDP Per Capita) സൂചിക ഉപയോഗിക്കുന്നത്. നിലവിലെ ജി.ഡി.പിയായ 2.7 ട്രില്യൺ ഡോളർ, 135.2 കോടി ജനങ്ങൾക്കു തുല്യമായി വിതരണം ചെയ്താൽ ലഭ്യമാകുന്ന 2,015 ഡോളർ മാത്രമാണ് ഇന്ത്യയുടെ ആളോഹരി വരുമാനം.അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടേതു യഥാക്രമം 62,641ഡോളറും 39,287 ഡോളറും ആണ്. നോർവേ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെ ആളോഹരി വരുമാനം 80,000 ഡോളറിനു മുകളിലാണ്. നൈജീരിയ, ഘാന, ശ്രീലങ്ക എന്നിവയെല്ലാം ഇന്ത്യയെക്കാൾ ആളോഹരി വരുമാനം കൂടിയ രാജ്യങ്ങളാണ്. ജി.ഡി.പി വർധിക്കുന്ന അതേ നിരക്കിൽ ആളോഹരി വർധിക്കണമെന്നില്ല. അടുത്ത അഞ്ചു വർഷം ഇന്ത്യയുടെ ജനസംഖ്യയും വർധിക്കും എന്നതുകൊണ്ടു ആളോഹരി വരുമാനത്തിൽ വലിയ മാറ്റം ഉണ്ടാകണമെന്നില്ല.ഇന്ത്യയുടെ ജി.ഡി.പി തിട്ടപ്പെടുത്തിയ ലോകബാങ്ക് പറയുന്നത് ജനസംഖ്യയുടെ 21.9 ശതമാനം ദാരിദ്യ്രരേഖക്ക് താഴെയാണെന്നാണ്. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന 20 ശതമാനം ജനങ്ങൾക്ക് ഇന്ത്യയുടെ മൊത്തവരുമാനത്തിെൻറ 8.1 ശതമാനം മാത്രമാണ് ലഭ്യമായിട്ടുള്ളത് എന്നും 2011െല കണക്കുകൾ പറയുന്നു. ഇന്ത്യയിലെ അസമത്വങ്ങളെക്കുറിച്ച് പഠിച്ച തോമസ് പിക്കെറ്റി പറയുന്നത് ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആകെ സമ്പത്തിെൻറ 22 ശതമാനം കൈയടക്കിയിരിക്കുന്നു എന്നാണ്. അഞ്ചു ട്രില്യൺ ഡോളർ ഇേക്കാണമിയുടെ വലിയ ഭാഗം ഗുണഭോക്താക്കൾ ഈ ചെറുവിഭാഗം സമ്പന്നർതന്നെയായിരിക്കും.

മാനവ വികസന സൂചികകൾ നൽകുന്ന ചിത്രം
കേവലം സാമ്പത്തിക വളർച്ചകൊണ്ടു മാത്രം സമഗ്രമായ വികസനം സാധ്യമല്ല എന്നതാണ് ലോകാനുഭവം. സാമൂഹികമായ ഉന്നതിയെ ജി.ഡി.പി, ആളോഹരി വരുമാനം തുടങ്ങിയ സാമ്പത്തിക സൂചികകളുടെ സഹായത്താൽ തിട്ടപ്പെടുത്താനാവില്ല. ഇൗ പരിമിതി മറികടക്കാനാണ് സാമ്പത്തികവും സാമൂഹികവുമായ മാനങ്ങൾ ഉൾക്കൊള്ളിച്ചു ‘മാനവ വികസന സൂചിക’ (Human Development Index) യു.എൻ.ഡി.പി രൂപപ്പെടുത്തിയത്. സാമ്പത്തിക സൂചികയായ ആളോഹരി വരുമാനത്തോടൊപ്പം, ആരോഗ്യമേഖലയിലെ ഗുണനിലവാരം കാണിക്കുന്ന ആയുർദൈർഘ്യവും വിദ്യാഭ്യാസമേഖലയിലെ പങ്കാളിത്തവും പരിഗണിച്ചാണ് സമഗ്രമായ ‘മാനവവികസന സൂചിക’ ഓരോ കാലത്തും യു.എൻ.ഡി.പി പ്രസിദ്ധീകരിക്കുന്നത്. മാനവ വികസനത്തിൽ ഇന്ത്യയുടെ സ്ഥാനം വളരെ പിറകിലാണ്. 2018ലെ റിപ്പോർട്ട് പ്രകാരം ലോകത്ത് സാമ്പത്തികമായി മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ മാനവ വികസന റാങ്കിങ്ങിൽ 130 ാം സ്ഥാനത്താണ് എന്ന് ഓർക്കണം. ഏറ്റവും വലിയ സാമ്പത്തികശക്തികളായ അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ റാങ്കിങ്ങിൽ 10 ന് താഴെയാണ്. ജി.ഡി.പി വളർച്ചകൊണ്ട് മാത്രം മാനവ വികസനം നേടിയെടുക്കാൻ സാധ്യമെല്ലന്ന് ഇത് കാണിക്കുന്നുണ്ട്. അഞ്ചു ട്രില്യൺ ഡോളർഅഞ്ചു വർഷംകൊണ്ട് സാധ്യമോ? അടുത്ത അഞ്ചു വർഷംകൊണ്ടുതന്നെ അഞ്ചു ട്രില്യൺ ഡോളർ ജി.ഡി.പിയിലേക്ക് ഇന്ത്യ വളരണമെങ്കിൽ ‘നോമിനൽ ജി.ഡി.പി’ ശരാശരി 12 ശതമാനത്തിനു മുകളിൽ ഓരോ വർഷവും വളരണം. സാമ്പത്തികസർവേയുടെ അനുമാനപ്രകാരം വിലക്കയറ്റം നാലു ശതമാനത്തിൽ നിലനിർത്തിയാൽ
ശരാശരി എട്ടു ശതമാനം ‘റിയൽ ജി.ഡി.പി’ വളർച്ചയിലൂടെ 2024-25 വർഷക്കാലയളവിൽ ഈ ലക്ഷ്യം കൈവരിക്കാം എന്നതാണ്. 2013-14 മുതൽ 2018-19 വരെയുള്ള കാലയളവിൽ ശരാശരി ജി.ഡി.പി വളർച്ച 7.4 ശതമാനം മാത്രമാണ്. വികസനത്തിെൻറ പ്രധാന ചാലകശക്തികളായ സർക്കാർ ചെലവ്, സ്വകാര്യ വിനിയോഗം, വിദേശ വാണിജ്യം, നിക്ഷേപം എന്നിവയിൽ വരുംവർഷങ്ങളിലെ വളർച്ചക്കായി സാമ്പത്തിക സർവേ വലിയ രീതിയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് നിക്ഷേപ രൂപവത്കരണത്തിലാണ്. എന്നാൽ, മൊത്ത സ്ഥിരനിക്ഷേപ രൂപവത്കരണം കഴിഞ്ഞ വർഷങ്ങളിൽ ആശാവഹമല്ല. കാർഷിക പ്രതിസന്ധി, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, കുറഞ്ഞുവരുന്ന സർക്കാർ ഇടപെടൽ തുടങ്ങിയവയെല്ലാം തുടർന്നാൽ വരും വർഷങ്ങളിലും സർക്കാർനിക്ഷേപങ്ങളെ പരിമിതപ്പെടുത്തി അഞ്ചു ട്രില്യൺ ഡോളർ ജി.ഡി.പി അഞ്ചു വർഷംകൊണ്ട് നേടിയെടുക്കുക എളുപ്പമാവില്ല. ഇത്തരത്തിലുള്ള വളർച്ചക്ക് ആവശ്യമായ സർക്കാർ നിക്ഷേപങ്ങളോ പദ്ധതികളോ ബജറ്റിൽ ഇല്ല. വളർച്ചക്ക് ഏറ്റവും ആവശ്യമായ സർക്കാർ ചെലവ് പരിമിതപ്പെടുത്തി ധനകമ്മി 4.3 ൽനിന്ന് 3.3 ശതമാനമായി കുറച്ചുകൊണ്ടുവരാനാണ് ബജറ്റ് നിർദേശിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയതിനെക്കാൾ ഒന്നര ലക്ഷം കോടിയുടെ സർക്കാർ ചെലവ് വെട്ടിച്ചുരുക്കിയതും വരുമാനത്തിൽ 1.7 ലക്ഷം കോടിയുടെ കുറവും. സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടൽ പരിമിതപ്പെടുത്തുമ്പോൾ, ജി.ഡി.പി വർധനക്കാവശ്യമായ നിക്ഷേപം സ്വകാര്യമേഖലയിൽനിന്നാവും ലക്ഷ്യം വെക്കുന്നത്. ഇതുതന്നെ സാമ്പത്തികസർവേയും മുന്നോട്ടുവെക്കുന്നു. സമ്പത്തിന്റെ വിതരണം പരിമിതപ്പെടുകയും അഞ്ചു ട്രില്യൺ ഡോളർ ഇക്കോണമിയുടെ നേട്ടം കൂടുതലും ചെറിയവിഭാഗം സമ്പന്നരിലേക്ക് പരിമിതപ്പെടുകയും ചെയ്യും എന്നതാണ് ഇതിെൻറ പരിണിതഫലം. ബജറ്റിനുശേഷം പ്രധാനമന്ത്രി പറഞ്ഞതുപോലെ ഇന്ത്യയിൽ അടുത്ത വർഷങ്ങളിലായി നിർമിക്കപ്പെടുന്ന അഞ്ചു ട്രില്യൺ ഡോളർ കേക്കിന്റെ ചെറുതരികൾക്കായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് കാത്തിരിക്കുകയേ വഴിയുള്ളൂ.
(ഐ.ഐ.ടി ബോംബെയിൽ സാമ്പത്തിക ശാസ്ത്ര ഗവേഷകനാണ് ലേഖകൻ)
17 July 2019
https://m.madhyamam.com/opinion/articles/five-trillion-dollar-economy-malayalam-article/624657


Please follow and like us:
Pin Share
RSS
Follow by Email