May 18, 2024

ONE INDIA ONE PEOPLE PARTY

_________________________________

മാറി മാറി വരുന്ന സർക്കാരുകൾ ആർക്കുവേണ്ടിയാണ് ഭരണം നടത്തുന്നത് ?

മുഴുവൻ വായിക്കുവാനുള്ള സന്മനസ്സ് ഉണ്ടാകണമെന്നും, എഴുതിയിരിക്കുന്നതു ശരിയാണ് എന്ന തോന്നലുണ്ടായാൽ ഒന്നു ഷെയർ ചെയ്യുവാൻ കൂടി ഉള്ള മനസ്സുണ്ടാകണമെന്ന് വിനീതമായി അഭ്യർഥിക്കുകയും ചെയ്യുന്നു.

അപകടത്തിൽ പെട്ട് ജീവനു വേണ്ടി പിടയുന്ന നിസ്സഹായന്റെ പോക്കറ്റിലുള്ളതു കൂടി അടിച്ചു മാറ്റി അവനെ മരണത്തിനു വിട്ടു കൊടുക്കുന്ന ഹൃദയ ശൂന്യന്റെ കുപ്പായം എടുത്തണിഞ്ഞ്, കടക്കെണിയിൽ പെട്ട് സർവ്വതും നഷ്ടപ്പെട്ട സാധാരക്കാരന്റെ കുടുംബാംഗങ്ങളുടെ മുഴുവൻ ആരാച്ചാരായി മാറി കൊലക്കയർ നീട്ടിപ്പിടിച്ച് അടുത്തേക്കു വരുന്നതാര് ?!! പാവപ്പെട്ടവനെ ഉദ്ധരിക്കാനെന്ന വ്യാജേന, 2500 രൂപാ ക്ഷേമ പെൻഷൻ വാഗ്ദാനം ചെയ്തു വോട്ടു വാങ്ങി അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരോ?!!

പണിയും പണവുമില്ലാതെ ജീവിക്കുവാൻ ഒരു മാർഗ്ഗവും കാണാതെ പൊതു ജനം കഷ്ടപ്പെട്ട കൊറോണക്കാലത്ത്, സർക്കാർ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും അന്യായമായി ശമ്പളവും പെൻഷനും കൂട്ടിക്കൊടുത്തപ്പോൾ, അത് നമ്മുടെ നാടിനെ വലിയ കടക്കെണിയിൽ വീഴിക്കും എന്ന തിരിച്ചറിവുണ്ടായിരുന്ന OIOP സംഘടന ഹൈക്കോടതിയിൽ അതിനെതിരേ കേസ് കൊടുത്തു. യാതൊരു പ്രതികരണവും നടത്താതെ ഹൈക്കോടതി അതു തള്ളിക്കളഞ്ഞു. അതിനു ശേഷം സുപ്രിം കോടതിയിൽ കേസ് കൊടുത്തപ്പോൾ കോടതി പറഞ്ഞത് ഇത് സർക്കാർ തീരുമാനിക്കേണ്ട കാര്യമാണ്. സംഘടനക്കോ കോടതിക്കോ ഇതിൽ ഇടപെടാൻ കാര്യമില്ല എന്നാണ്. 23 മാസത്തെ മുൻ കാല പ്രാബല്യത്തോടെ ശമ്പളവും പെൻഷനും കൂട്ടിക്കൊടുത്തു കൊണ്ട് പൊതുജനത്തിന്റെ തലയിലേക്ക് വലിയൊരു കടഭാരവും കൂടി എടുത്തു വച്ചു കൊടുത്തു പാവപ്പെട്ടവരുടെ കൂടെ നിൽക്കുന്നവർ എന്നവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ. അതിന്റെ പേരിൽ മാത്രം 14000 കോടി രൂപയുടെ അധിക ബാധ്യത ഓരോ വർഷവും ഉണ്ടാകും എന്നു പറയപ്പെടുന്നു. ഓരോ വർഷവും അതു കൂടിക്കൊണ്ടുമിരിക്കും.

വെറും മൂന്നോ നാലോ ശതമാനം വരുന്ന ഭരണവർഗ്ഗ സർക്കാർ ഉദ്യോഗസ്ഥ വൃന്ദത്തിനെ തീറ്റിപ്പറ്റാൻ 97% വരുന്ന സാധാരണക്കാരന്റെ നികുതിപ്പണം മുഴുവൻ എടുത്തിട്ടും തികയാഞ്ഞിട്ട് ശമ്പളവും പെൻഷനും കൊടുക്കുവാനായി മാത്രം കടമെടുക്കേണ്ട ഗതികേടിലാണ് ഇന്നു കേരളം. 2003 ലെ ധന ഉത്തരവാദിത്വ നിയമത്തെ മറികടക്കുവാൻ പല കുറുക്കുവഴികളും ആസൂത്രണം ചെയ്തുവെങ്കിലും ചില്ലു കൊട്ടാരം പോലെ എല്ലാം തകർന്നടിയുവാൻ പോകുന്നു. വൺ ഇന്ത്യ വൺ പെൻഷൻ എന്ന സംഘടനയും, വൺഇന്ത്യ വൺ പീപ്പിൾ പാർട്ടിയും ഇതിനെതിരേ പലതവണ മുന്നറിയിപ്പുകൾ തന്നു വെങ്കിലും ആരും ചെവിക്കൊള്ളുവാൻ തയ്യാറായില്ല. അന്യായമായ ശമ്പള വർധനവിനും പെൻഷൻ വർധനവിനും പകരം OIOP ആവശ്യപ്പെടുന്നതുപോലെ 60 വയസ്സു പൂർത്തിയായ എല്ലാവർക്കും 10,000 രൂപാ പെൻഷൻ നൽകിയിരുന്നു എങ്കിൽ ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. നമ്മുടെ GDP യിൽ ഒരു വൻ കുതിച്ചുചാട്ടം തന്നെ അതു സൃഷ്ടിക്കുമായിരുന്നു. എന്നാൽ അതിനുനേരേ മുഖം തിരിച്ചു നിന്ന സർക്കാർ വാഗ്ദാനം ചെയ്ത 25000 രൂപാ പെൻഷൻ പോലും കൊടുത്തില്ല. എന്നു മാത്രമല്ല ഇപ്പഴിതാ പല വഴികളിലൂടെ പൊതുജനത്തെ കൊള്ളയടിക്കാനുള്ള കോപ്പുകൂട്ടുകയും ചെയ്യുന്നു.

കുഴിയിൽ വീണ പന്നിക്ക് കല്ലും തടിയും എന്നൊരു ചൊല്ലു കേട്ടിട്ടുണ്ട്. നിൽക്കക്കള്ളിയില്ലാതെ ഈടു വച്ച് വായ്പ്പയെടുത്തിട്ട് അതടക്കാൻ മാർഗ്ഗമില്ലാതെ ജപ്തിയായാൽ 10 ലക്ഷം രൂപക്ക് മുകളിൽ ഉള്ള തുകയാണെങ്കിൽ 7.5% സർക്കാരിലേക്ക് ആർബിട്രേഷൻ ഫീസ് അടക്കണം പോലും. ഈ തുകയും അടക്കേണ്ടി വരുന്നത് ഗതികേടു കൊണ്ട് കടം വാങ്ങി മുടിഞ്ഞ ഇടപാടുകാരൻ തന്നെ. നിസ്സഹായനായി ആത്മഹത്യ മാത്രം മുന്നിൽ കാണുന്ന സാധാരണക്കാരനെ കൈ പിടിച്ചുയർത്തുവാൻ ശ്രമിക്കേണ്ട സർക്കാർ – അവനു വഴി കാണിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വമുള്ള സർക്കാർ എന്താണു ചെയ്യുന്നത് ? അവന്റെ ഉള്ള സമ്പാദ്യം കൂടി പിടിച്ചു പറിച്ച് ശവപ്പെട്ടിയിലാക്കി ആണി അടിക്കുന്ന നിന്ദ്യവും ക്രൂരവും നീചവുമായ പ്രവൃത്തിയായി മാത്രമേ ഇതിനേ കാണുവാൻ കഴിയൂ. മനസ്സാക്ഷിയുള്ളവർ പ്രതികരിക്കുക.

നിസ്സംഗതയോടെ നോക്കി നിൽക്കുന്നവരോട് ഒന്നേ പറയുവാനുള്ളു ‘ ഇന്നു ഞാൻ നാളെ നീ’.

അധികം താമസിയാതെ തന്നെ അധികാരികൾ നമ്മുടെ വീട്ടിലും പറമ്പിലും വന്ന് ഫൈൻ ഇടുവാൻ തുടങ്ങും. ഒരു പ്ലാസ്റ്റിക് കുപ്പി കണ്ടാൽ ഫൈൻ, ചെളിവെള്ളം കണ്ടാൽ ഫൈൻ, കൊതുകിനെക്കണ്ടാൽ ഫൈൻ, …………. അങ്ങനെ …. അങ്ങനെ ഫൈൻ … ഫൈൻ … : ഫൈൻ.

നികുതികൾ മൂലം വിലകൾ കുതിച്ചുയരുന്നു.

കൈ നനയാതെ മീൻ പിടിക്കണമെന്ന് വാശിയുള്ള മലയാളി, അവകാശങ്ങൾക്കു വേണ്ടി പോരാടാൻ തയ്യാറാകാതെ, പഞ്ചാബിൽ നിന്നും, ഡൽഹിയിൽ നിന്നും സൗജന്യങ്ങളുമായി വരുന്ന നേതാക്കൾക്കു വേണ്ടി കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിക്കുകയാണ്. ഇനി എന്നാണോ മലയാളിക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും ഉണ്ടാകുന്നത് ?

റബ്ബർ കർഷകർക്കും ഒരു സന്തോഷ വാർത്ത ഉണ്ട് എന്നാണ് കേൾക്കുന്നത്. റബ്ബറിന്റെ വില ക്രമാതീതമായിക്കുറയുകയും കൃഷി നഷ്ടത്തിലാകുകയും ചെയ്തപ്പോൾ റബ്ബർ കൃഷി നിന്നു പോകാതിരിക്കുവാൻ സബ്സിഡി എന്നോ വില സ്ഥിരതാ ഫണ്ടെന്നോ മറ്റെന്തോ ഒക്കെപ്പറഞ്ഞ് കുറച്ചു പണം റബ്ബർ കർഷകർക്കു കൊടുത്തിരുന്നു. അന്നു പണം കൈപ്പറ്റിയവർക്കൊന്നും ഇനി പെൻഷൻ ഇല്ലാ എന്നാണ് കേൾക്കുന്നത്. ഇനി എല്ലാവർക്കും ഇത്തരത്തിലുള്ള പല കഥകളും കേൾക്കാം.

ചൂതാട്ടവും, മദ്യവും, മദിരാക്ഷിയും. ചീട്ടു കളിച്ചാൽ കേസെടുക്കുന്ന നാട്ടിൽ ലോട്ടറി എന്ന കോടികളുടെ ചൂതാട്ടം സർക്കാർ തന്നെ നടത്തുന്നു. മദ്യം യഥേഷ്ടം ലഭ്യമാക്കുന്നു. ഫീസടച്ചാൽ അതിനു കൂടെയുള്ള സംഗതിയും നിയമാനുസൃതമാകുന്ന കാലം വിദൂരമല്ല. വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി അധികാരത്തിലെത്തുമ്പോൾ ഇത്തരം അനീതികളും അന്യായങ്ങളും അഴിമതിയും അക്രമവും സ്വജനപക്ഷപാതവും ധൂർത്തും അവസാനിപ്പിക്കുമെന്ന് ഉറപ്പുതരുന്നു.

സൗജന്യങ്ങൾക്കു വേണ്ടിയല്ലാ – അവകാശങ്ങൾ നേടി എടുക്കുവാനായിട്ടാണ് വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി രൂപം കൊണ്ടത്.

ജയ് ജയ് OIOP
വൺ ഇന്ത്യ വൺ പെൻഷൻ സിന്ദാബാദ്
നീതി ന്യായ് സിന്ദാബാദ്

ഇതാണോ ജനാധിപത്യം ?
Please follow and like us:
Pin Share
RSS
Follow by Email