സൗജന്യം സൗജന്യം സൗജന്യം.
എന്തെങ്കിലും സൗജന്യം എവിടെയെങ്കിലും കിട്ടും എന്നു കേട്ടാൽ ഓടിക്കൂടുന്ന വെറും വിഡ്ഢിക്കൂട്ടങ്ങളായി മാറുകയാണോ മലയാളികൾ ?
സാധാരണക്കാരനുവേണ്ടത്, അവന് മാന്യമായി ജീവിക്കുവാനുള്ള സാഹചര്യമൊരുക്കുക എന്നുള്ളതാണ്. അവൻ അധ്വാനിച്ചുണ്ടാക്കുന്ന പണം മുഴുവൻ പലവിധ നികുതികൾ ചുമത്തി തട്ടിപ്പറിച്ചെടുക്കുന്ന അവസ്ഥക്കാണ് മാറ്റമുണ്ടാകേണ്ടത്. ഇതുപോലെ വലിയ നികുതികൾ ചുമത്തപ്പെടേണ്ട സാഹചര്യം എന്തുകൊണ്ടുണ്ടാകുന്നു എന്നു നമ്മൾ ചിന്തിക്കണം.
അഴിമതി, ധൂർത്ത്, കെടുകാര്യസ്ഥത, സ്വജന പക്ഷപാതം ഈ കാര്യങ്ങൾ മൂലം മാത്രമാണ് നമ്മുടെ നാടു നശിക്കുന്നത്. ഇതു മൂലമുണ്ടാകുന്ന കഷ്ടതകൾ മുഴുവൻ സഹിക്കേണ്ടി വരുന്നത് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങൾ മാത്രമാണ്. സർക്കാർ ജീവനക്കാരോ, രാഷ്ട്രീയ നേതാക്കളോ, കോർപറേറ്റ് ഭീമൻമാരോ ഇതിന്റെ ഭാരം ചുമക്കേണ്ടിവരുന്നില്ല.
സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം വിലസൂചികക്കനുസരിച്ച് അവരുടെ ക്ഷാമബത്ത കൂടിക്കൊണ്ടിരിക്കും. 34% മാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത(DA). വെറുതെ വീട്ടിലിരുന്ന് വിശ്രമിക്കുന്ന മുൻ സർക്കാർ ജീവനക്കാരുടെ പെൻഷനും വർധിച്ചു കൊണ്ടേയിരിക്കും.
എന്നാൽ സാധാരണക്കാരനോ ? അവന്റെ കയ്യിലിരിക്കുന്ന പണം ഊറ്റി എടുക്കുവാൻ നികുതികൾ നിരന്തരം വർധിപ്പിച്ചു കൊണ്ടേയിരിക്കും. പുതിയ പുതിയ നികുതികൾ കണ്ടുപിടിച്ചു കൊണ്ടേയിരിക്കും. സാധാരണക്കാരനെ പിഴിഞ്ഞെടുക്കുന്ന ഈ നികുതികൾ എങ്ങോട്ടേക്കാണ് പോകുന്നത് ? ഖജനാവിലെ മുഴുവൻ പണവും ഇന്ന് സർക്കാർ ജീവനക്കാർക്കു ശമ്പളം കൊടുക്കുവാനും, പെൻഷൻ കൊടുക്കുവാനും പിന്നെ നേരത്തേ വാങ്ങിക്കൂട്ടിയ കടത്തിന്റെ പലിശ കൊടുക്കുവാനും വേണ്ടി മാത്രം വിനിയോഗിക്കേണ്ട ഗതികേടിലെത്തിയിരിക്കുന്നു നമ്മൾ. തികയാഞ്ഞിട്ട് വീണ്ടും വീണ്ടും കടം വാങ്ങിക്കൂട്ടുന്നു മാറി മാറി വരുന്ന നമ്മുടെ സർക്കാരുകൾ. ഇന്ന് ഓരോ കുഞ്ഞും പിറന്നുവീഴുന്നത് ഒരു ലക്ഷത്തിലേറെ രൂപയുടെ കടക്കാരനായിട്ടാണ്. അടുത്ത തലമുറയെ വരെ പണയം വച്ചിട്ടാണ് നമ്മൾ കടം വാങ്ങിക്കൂട്ടുന്നത്. ഇതു ശരിക്കും മനുഷ്യാവകാശ ലംഘനമാണ്.
റവന്യു വരുമാനത്തിന്റെ 35% ത്തിലധികം ശമ്പളത്തിനും പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കുമായി ചില വഴിക്കരുത് എന്നാണ് സാമാന്യ തത്വം. എന്നാലിന്ന് വരുമാനം മുഴുവനും എടുത്തിട്ടും അതിനു പോലും തികയുന്നില്ല. അതിനിടയിലാണ് അടിക്കടിയുള്ള ശമ്പള വർധനവ്. വീണ്ടും ജനപ്രതിനിധികളുടെ ശമ്പളം കൂട്ടുന്നു. മൊത്തം കടത്തിൽ മുങ്ങിക്കിടക്കുമ്പോൾ എവിടെ നിന്നെടുത്താണിതു കൊടുക്കുവാൻ പോകുന്നത്?
അതിനുള്ള വഴി ആദ്യം തന്നെ അവർ കണ്ടെത്തി.*മനസ്സാക്ഷിയില്ലാത്ത നമ്മുടെ ഭരണാധികാരികൾ കർഷകന്റെ
പിച്ചച്ചട്ടിയിൽ തന്നെ കയ്യിട്ടു വാരി. നമ്മുടെ ജനപ്രതിനിധികളുടെ സുഖ ജീവിതത്തിനു മാറ്റു കൂട്ടുവാൻ കർഷകനു കൊടുത്തിരുന്ന നക്കാപ്പിച്ച പെൻഷൻ തന്നെ നിറുത്തലാക്കി.*
നഷ്ടത്തിലായ റബ്ബർ കൃഷി കർഷകർ ഉപേക്ഷിച്ചു തുടങ്ങിയപ്പോൾ അവരെ പിടിച്ചു നിറുത്തുവാനായി സർക്കാർ സബ്സിഡി കൊടുത്തു. അങ്ങനെ സബ്സിഡി വാങ്ങിയവരുടെയെല്ലാം പെൻഷൻ നിറുത്തലാക്കി. ഇപ്പോഴിതാ 2 ഏക്കറിൽ കൂടുതൽ റബ്ബർ കൃഷി ഉള്ളവരുടെയെല്ലാം പെൻഷൻ നിറുത്തലാക്കുന്നു. കാരണം സർക്കാരിനു പണമില്ല. എന്നിട്ട് അതേ സർക്കാർ MLA മാരുടേയും മന്ത്രിമാരുടേയും ശമ്പളം കൂട്ടുന്നു. ഇതാണോ യഥാർഥ ജനാധിപത്യം ?
ജനാധിപത്യത്തിൽ ജനത്തിന്റെ ആവശ്യങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടത്. എന്നാലിവിടെ നടക്കുന്നത് പ്രതികരണ ശേഷി നഷ്ടപ്പെട്ട – നഷ്ടപ്പെടുത്തിയ, ജനത്തിന്റെ മേലുള്ള ആധിപത്യമാണ്. പൊതുജനം കൊള്ളയടിക്കപ്പെടുന്നു.
പാവപ്പെട്ട കർഷകരും സാധാരണക്കാരും നിരന്തരമായി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പ്ലാവില കാണിച്ച് ആടിനെ കൊണ്ടുപോകുന്നതു പോലെ സൗജന്യങ്ങൾ കാണിച്ച് പൊതുജനത്തെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു.
സൗജന്യങ്ങൾ വഞ്ചനയുടെ മറ്റൊരു മുഖം മാത്രമാണ്. സൗജന്യങ്ങൾ കൊടുക്കുന്നത് ഏതെങ്കിലും മന്ത്രിയുടെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നെടുത്താണോ? അല്ല !?
*അതു പൊതു ജനത്തിന്റെ കീശയിൽ കിടക്കുന്ന പണമാണ്*
*വലിയ വലിയ നികുതികൾ ചുമത്തി പൊതുജനത്തിന്റെ കയ്യിലുള്ള കോടിക്കണക്കിനു പണം പിടിച്ചു വാങ്ങിയിട്ട് അതിൽ നിന്നെടുത്ത് എറിഞ്ഞു കൊടുക്കുന്ന നാണയത്തുട്ടുകൾ മാത്രമാണ് സൗജന്യങ്ങൾ*
അഴിമതി മുക്തമായ ഭരണം നടത്തുക എന്നുള്ളത് എല്ലാ സർക്കാരുകളുടേയും കടമയാണ് – ഉത്തരവാദിത്വമാണ്. അതു ജനങ്ങൾക്കുവേണ്ടി ചെയ്യുന്ന സേവനമോ ഔദാര്യമോ അല്ല.
ഔദാര്യങ്ങൾ നമ്മുടെ നാടിനെ നശിപ്പിക്കുകയേ ഉള്ളു. ഇവിടെ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടുവാൻ ആഗ്രഹിക്കുകയാണ്. ഇപ്പോൾ അഴിമതിക്കെതിരേ പോരാടി ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്നു എന്നു കരുതുന്ന ഒരു പാർട്ടി ജനങ്ങളെ ആകർഷിക്കുന്നതിനായി പലവിധ സൗജന്യങ്ങൾ വാരിക്കോരിക്കൊടുക്കുന്നു എന്നു പറയുന്നു. അതിൽ ഒന്നാണ് എല്ലാർക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി കൊടുക്കുന്നു എന്നുള്ളത്. ഇത് പരിസ്ഥിതിക്ക് വളരെയേറെ ദോഷം വരുത്തിവയ്ക്കുന്ന തികച്ചും നിരുത്തരവാദിത്വപരവും എത്രയും വേഗം അവസാനിപ്പിക്കേണ്ടതുമായ ഒരു സൗജന്യമാണ്.
സാധാരണ ഗതിയിൽ നമ്മുടെ നാട്ടിലെ 90 % ത്തിൽ അധികം ആൾക്കാരും 100 യൂണിറ്റിൽ താഴെ വൈദ്യുതി മാത്രമേ ഒരു മാസം ഉപയോഗിക്കുന്നുള്ളു. അങ്ങിനെയുള്ള അവസ്ഥയിലാണ് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നത്. സൗജന്യമായി കിട്ടുന്നതിനാൽ ആവശ്യമില്ലാത്ത 200 യൂണിറ്റു വൈദ്യുതിയും കൂടി വൃധാ ചില വഴിച്ചു തീർക്കും.
*ഇവിടെയാണ് വലിയ അപകടം പതിയിരിക്കുന്നത്. അനാവശ്യമായി ചിലവഴിക്കപ്പെടുന്നന്ന 200 യൂണിറ്റു വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി കൽക്കരി, ഡീസൽ, നാഫ്ത,ഗ്യാസ് തുടങ്ങി എന്തെങ്കിലും ഒരു ഇന്ധനം ഉപയോഗിക്കേണ്ടിവരും. ഇതു മൂലം വളരെ വലിയ അളവിൽ കാർബൺ എമിഷൻ ഉണ്ടാകും. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് വലിയ കോട്ടം ഉണ്ടാക്കും. ഇന്നു നമ്മൾ അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന് വലിയൊരു കാരണം ഹരിതഗൃഹ വാതകങ്ങളുടെ അനിയന്ത്രിതമായ ബഹിർഗമനവും, അതു മൂലമുണ്ടാകുന്ന ആഗോളതാപനവുമാണ്.*
ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ വളരെയധികമായി പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡിന്റെ അളവു കുറക്കുവാനായി എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം വനത്തിന്റെ വിസ്തൃതി കൂട്ടുക എന്നുള്ളതാണ്. അതിനു വേണ്ടി എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം കർഷകരെ കുടി ഒഴിപ്പിക്കുക എന്നുള്ളതാണ്. ബഫർ സോണിന്റെ കാര്യം പറഞ്ഞും പരിസ്ഥിതി ലോല പ്രദേശത്തിന്റെ പേരു പറഞ്ഞും സർക്കാരുകൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും അതാണ്. സാധാരണക്കാരായ നമ്മൾ സൗജന്യങ്ങൾ വാങ്ങി ഇത്തരം ബുദ്ധിശാലികളായ ഏമാൻമാരെ ചുമക്കുന്ന കഴുതകളായി മാറണമോ എന്ന് സ്വയം ചിന്തിക്കുക. വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി നിലകൊള്ളുന്നത് സൗജന്യങ്ങൾ വാങ്ങുവാനും കൊടുക്കുവാനുമല്ല പകരം അഴിമതി അവസാനിപ്പിച്ച് അവകാശങ്ങൾ നേടി എടുക്കുവാനും എല്ലാവർക്കും മാന്യമായി ജീവിക്കുവാനുള്ള അവസരമൊരുക്കുവാനുമാണ്. അഴിമതിയും, ധൂർത്തും, കെടുകാര്യസ്ഥതയും അവസാനിപ്പിച്ച് വളരെച്ചുരുങ്ങിയ കാലം കൊണ്ട് സകല കടവും തീർത്ത് നമ്മുടെ നാടിനെ എല്ലാ തലങ്ങളിലും ലോകോത്തര നിലവാരത്തിലെത്തിക്കുവാനുള്ള പദ്ധതികൾ വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയുടെ ആവനാഴിയിൽ നിറച്ചു കഴിഞ്ഞു. നിങ്ങളോരോരുത്തരുടേയും സഹകരണവും ഭാഗഭാഗിത്വവുമാണ് ഇനി വേണ്ടത്.
ഇനിയും ചിന്തിക്കുക, 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകി നമ്മുടെ നാടിനെ നശിപ്പിക്കുന്നതിനു കൂട്ടുനിൽക്കണമോ എന്ന്. ഒരു കാര്യം എല്ലാവരും മനസ്സിലാക്കുക ഇത് കർഷകന്റെ കഴുത്തിനു നേരേ ഓങ്ങുന്ന കൊടുവാളാണ്. എല്ലാവരും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി കൊടുക്കുന്ന സാഹചര്യമുണ്ടായാൽ എത്ര കോടിക്കണക്കിന് ടൺ കൽക്കരിയായിരിക്കും കത്തിത്തീരുക ? എത്ര കോടിക്കണക്കിന് ലിറ്റർ ഡീസലോ നാഫ്തയോ മറ്റെന്തെങ്കിലും ഇന്ധനമോ ആയിരിക്കും കത്തിത്തീരുക ? എന്തു മാത്രം കാർബൺ ഡയോക്‌സൈഡ് ആയിരിക്കും പുറന്തള്ളപ്പെടുക? അതോടൊപ്പം മറ്റ് ഹൈഡ്രോകാർബണുകളും. ഇതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും.
ഇതിന്റെ പേരിൽ ബലിയാടാകേണ്ടിവരിക സാധാരണക്കാരും കർഷകരുമായിരിക്കും. പന്നിക്കും പട്ടിക്കും സാധാരണക്കാരന്റെ ജീവനേക്കാൾ വില കല്പിക്കുന്നവരാണ് ഇന്നു നമ്മുടെ നേതാക്കൻമാർ എന്ന് ഓർമ്മിക്കുക. മനുഷ്യനെ കൊന്ന തെരുവുനായ്ക്കളെ കൊല്ലുവാൻ ആഹ്വാനം ചെയ്തവനെതിരെ കേസു കൊടുത്ത നാടാണു നമ്മുടേത്. സ്വന്തം ജീവൻ രക്ഷിക്കുവാൻ വന്യമൃഗത്തെ കൊന്നാൽ കേസെടുക്കുന്ന നാട്. ഒന്നു ചിന്തിക്കുക, മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് വില കല്പിക്കുന്നവരെ തീറ്റിപ്പോറ്റുന്നത് നമ്മളാണ്. നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരുവാൻ വേണ്ടി നമ്മൾ ശമ്പളം കൊടുത്ത് ജോലിക്കു വച്ചിരിക്കുന്ന നമ്മുടെ ജോലിക്കാർ മാത്രമാണവർ. അതുപോലെ തന്നെ നമ്മുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്ന ജനപ്രതിനിധികളും നമ്മുടെ സേവകർ തന്നെയാണ്. ജനാധിപത്യ രാജ്യത്ത് ജനങ്ങൾ തന്നെയാണ് രാജാക്കൻമാർ. അതുകൊണ്ട് സൗജന്യങ്ങൾ കൈകൂപ്പി നിന്നു വാങ്ങേണ്ട ഗതികെട്ടവരല്ല നമ്മൾ എന്നു മനസ്സിലാക്കുക.
*തുടക്കത്തിൽ പറഞ്ഞതു പോലെ സൗജന്യങ്ങൾ ഒരിക്കലും നമ്മളെ വളർത്തുകയില്ല. കാരണം ആ സൗജന്യങ്ങൾ നമ്മുടെ പോക്കറ്റിൽ നിന്ന് – നമ്മുടെ സമ്പാദ്യത്തിൽ നിന്ന് – നമ്മുടെ അവകാശങ്ങളിൽ നിന്ന് തട്ടിപ്പറിച്ചെടുക്കുമ്പോൾ തെറിച്ചു വീഴുന്ന നാണയത്തുട്ടുകൾ മാത്രമാണ്.*
നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുവാനായി ഒറ്റക്കെട്ടായി നമുക്കു മുന്നേറാം .
ജയ് വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി.
നീതി ന്യായ് സിന്ദാബാദ് .